Sorry, you need to enable JavaScript to visit this website.

ഒന്നര ലക്ഷം റിയാല്‍ ദിയ നല്‍കാനില്ല; കന്യാകുമാരി സ്വദേശി നാലര കൊല്ലമായി ജയിലില്‍

ദമാം- ഒന്നര ലക്ഷം റിയാല്‍ ദിയ നല്‍കിയാല്‍ മോചനം നേടാമെന്ന കോടതി വിധിക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് കന്യാകുമാരി നാഗര്‍കോവില്‍ ഇടമലക്കുടി മാവട്ടം സ്വദേശി സാദിഖ് ജമാല്‍. ഭീമമായ തുക എങ്ങനെ തരപ്പെടുത്തുമെന്ന് നിശ്ചയമില്ലാതെ നാലര വര്‍ഷമായി ഇദ്ദേഹം ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ സാദിഖ് ഏറെ പ്രതീക്ഷയോടെയാണ് അഞ്ചു വര്‍ഷം മുമ്പ് സൗദിയിലെത്തിയിത്.
ദമാം ഖൊദരിയ്യയിലെ ചെറിയ ഒരു സ്ഥാപനത്തില്‍ 1000 റിയാല്‍ ശമ്പളത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു ഇദ്ദേഹം. ദമാമിലെത്തി ഏഴു മാസങ്ങള്‍ക്ക് ശേഷം തന്റെ മുറിയില്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിയും ബംഗാളിയും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതാണ് സാദിഖ് ജമാലിന്റെ ജീവിതം ദുരിതമയമാക്കിയത്. അടിപിടിക്കിടെ സാദിഖിന്റെ കുത്തേറ്റ് ബംഗാളി കൊല്ലപ്പെടുകയായിരുന്നു. പോലീസ് പിടിയിലായ സാദിഖ് ജമാല്‍ അങ്ങനെയാണ് ദമാം സെന്‍ട്രല്‍ ജയിലിലെത്തിയത്.


മാസങ്ങള്‍ക്കകം തന്നെ ദമാം ക്രിമിനല്‍ കോടതി 80 അടിയും അഞ്ചു വര്‍ഷം തടവും വിധിച്ചിരുന്നു. കൊല്ലപ്പെട്ട ബംഗ്ലാദേശ് പൗരന്റെ സഹോദരന്‍ കോടതിയില്‍ നേരിട്ടെത്തി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒന്നര ലക്ഷം റിയാല്‍ ദിയ നല്‍കണമെന്ന് കൂടി വിധിച്ചത്. മൂന്ന് വര്‍ഷത്തിനു ശേഷം വിധി പ്രസ്താവത്തില്‍ അവശേഷിച്ച ശിക്ഷയുടെ ഭാഗമായ അടി കൂടി പൂര്‍ത്തിയാക്കി. ഒന്നര ലക്ഷം റിയാല്‍ ദിയ നല്‍കിയാല്‍ മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്നും ഇനി മോചനം നേടി നാട്ടിലേക്ക് മടങ്ങാനാവൂ. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത സാദിഖ് ജമാല്‍ പണം കണ്ടെത്തുന്നതിന് അധികാരികളില്‍ നിന്നോ സന്നദ്ധ സേവകരില്‍ നിന്നോ കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിര്‍ധന കുടുംബാംഗമായ തന്നെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങളുണ്ടാവണമെന്നാണ് ഈ 41 കാരന്റെ അപേക്ഷ.

 

 

 

Latest News