ജിദ്ദ- ഫൈസലിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ജല വിതരണ കേന്ദ്രം അടച്ചുപൂട്ടി. ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് 45 വര്‍ഷം മുമ്പ് സ്ഥാപിച്ച കേന്ദ്രം ജിദ്ദ മേയര്‍ സ്വാലിഹ് അല്‍ തുര്‍ക്കിയുടെയും ദേശീയ ജല കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ മൂകലിയുടെയും സാന്നിധ്യത്തിലാണ് എന്നെന്നേക്കുമായി അടച്ചത്. പ്രതിദിനം ഒന്നര ലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഫൈസലിയ കേന്ദ്രം വഴി വിതരണം ചെയ്തിരുന്നതെന്ന് എന്‍ജിനീയര്‍ മുഹമ്മദ് അല്‍മൂകലി പറഞ്ഞു. ഈ ജലം പൊതുപൈപ്പ് ലൈനിലേക്ക് മാറ്റി.
ജിദ്ദയിലെ ഉപയോക്താക്കള്‍ക്ക് പൈപ്പ്‌ലൈന്‍ വഴി വെള്ളം പമ്പ് ചെയ്യുന്ന സമയം വര്‍ധിപ്പിക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത ഉയര്‍ത്തുന്നതിനും ടാങ്കറുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഫൈസലിയ കേന്ദ്രം അടച്ചത്. ദിവസേന 8,000 വാട്ടര്‍ ടാങ്കറുകള്‍ ഫൈസലിയ ജല വിതരണ കേന്ദ്രത്തില്‍ നിന്ന് ഷട്ടില്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഫൈസലിയ കേന്ദ്രം അടച്ചതോടെ ഇവിടെ നിന്നുള്ള വാട്ടര്‍ ടാങ്കര്‍ സര്‍വീസുകള്‍ പൂര്‍ണമായും നിലക്കും. ജിദ്ദയില്‍ ആകെ ആറു ജലവിതരണ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ബുറൈമാന്‍, ഫൈസലിയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ചും പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും കൂടുതല്‍ ജല വിതരണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുന്നതിനാണ് ദേശീയ ജല കമ്പനി ശ്രമിക്കുന്നതെന്നും എന്‍ജിനീയര്‍ മുഹമ്മദ് അല്‍ മൂകലി പറഞ്ഞു.