ജിദ്ദ- മയക്കുമരുന്ന് കടത്തിയതിന് സൗദിയിൽ അറസ്റ്റിലായ പാക് ദമ്പതികളുടെ മൂന്നു മക്കളെ സൗദി അറേബ്യ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചു. ഒമ്പതും എട്ടും ആറും വയസായ കുട്ടികളെ രണ്ടു വർഷത്തിനുശേഷമാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചത്. രണ്ടു വർഷത്തിലേറെ കാലം കുട്ടികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ അഭയ കേന്ദ്രത്തിന്റെ പരിചരണത്തിലായിരുന്നു. പാക്കിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിലെ ബന്ധുക്കൾക്ക് കുട്ടികളെ കൈമാറി.
2016 അവസാനത്തിലാണ് പാക്കിസ്ഥാനിയും ഭാര്യയും ഹെറോയിൻ കടത്ത് കേസിൽ സൗദിയിൽ അറസ്റ്റിലായത്. ഉംറ വിസയിൽ മക്കളെയും കൂട്ടി ജിദ്ദയിലേക്ക് പുറപ്പെട്ട ഇരുവരും മയക്കുമരുന്ന് കടത്തുകയായിരുന്നു. മാതാപിതാക്കൾ അറസ്റ്റിലായതോടെ ഒപ്പമുണ്ടായിരുന്ന മക്കളായ മുഹമ്മദ് അയാൻ, അബ്ദുൽ മന്നാൻ, ബുഷ്‌റ പർവീൻ എന്നിവരെ സുരക്ഷാ വകുപ്പുകൾ സാമൂഹിക, വികസന മന്ത്രാലയത്തിനു കീഴിലെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
സൗദി അധികൃതരെ കണ്ട് കുട്ടികളുടെ പ്രശ്‌നം തങ്ങൾ ചർച്ച ചെയ്യുകയായിരുന്നെന്നും കുട്ടികളെ ബന്ധുക്കളെ ഏൽപിക്കുന്ന കാര്യത്തിൽ സൗദി അധികൃതർ വലിയ തോതിൽ സഹകരിച്ചതായും ജിദ്ദ പാക് കോൺസുലേറ്റിലെ കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷെ നജീബുല്ല ഖാൻ ദുറാനി പറഞ്ഞു. എട്ടു വയസുകാരിയായ ബുഷ്‌റ പർവീനെയാണ് ആദ്യം പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചത്. അമ്മായി ഫാതിമ ഐജാസിനൊപ്പമാണ് ബാലിക പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. ബാലികയെ സ്വീകരിച്ച് പാക്കിസ്ഥാനിലെത്തിക്കുന്നതിന് അമ്മായി ജിദ്ദയിലെത്തുകയായിരുന്നു. ആൺകുട്ടികളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനുള്ള മുഴുവൻ ചെലവും ജിദ്ദ പാക് കോൺസുലേറ്റ് ആണ് വഹിച്ചത്.
നിസാര കേസുകളുടെ പേരിൽ സൗദി ജയിലുകളിൽ കഴിയുന്ന രണ്ടായിരത്തോളം പാക്കിസ്ഥാനികളെ വിട്ടയക്കുന്നതിന് ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ നടത്തിയ സന്ദർശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചിരുന്നു. ഉംറ നിർവഹിക്കുന്നതിന് സൗദിയിലേക്ക് വരുന്ന പാക്കിസ്ഥാനികൾ സൗദിയിലെ നിയമങ്ങളും ആചാരങ്ങളും കർശനമായി പാലിക്കണമെന്ന് നജീബുല്ല ഖാൻ ദുറാനി പറഞ്ഞു. മയക്കുമരുന്ന് കടത്തുകാർക്ക് കടുത്ത ശിക്ഷയാണ് സൗദി അറേബ്യ നൽകുന്നതെന്നും സ്വന്തം നാട്ടുകാരെ നജീബുല്ല ഖാൻ ദുറാനി ഉണർത്തി.