Sorry, you need to enable JavaScript to visit this website.

സൽമാൻ രാജാവും ബഹ്‌റൈൻ രാജാവും ചർച്ച നടത്തി

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും ചർച്ച നടത്തുന്നു. 

മനാമ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും ചർച്ച നടത്തി. അൽദിയാഫ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയും ചർച്ചയും. വ്യത്യസ്ത മേഖലകളിൽ സഹകരണവും പരസ്പര ഏകോപനവും ശക്തമാക്കുന്നതിനെ കുറിച്ചും ഉഭയകക്ഷിബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ബഹ്‌റൈൻ രാജാവ് ഒരുക്കിയ ഉച്ച വിരുന്നിലും സൽമാൻ രാജാവും സംഘവും പങ്കെടുത്തു. 
കിഴക്കൻ പ്രവിശ്യാ സന്ദർശനവും ബഹ്‌റൈൻ സന്ദർശനവും പൂർത്തിയാക്കി സൽമാൻ രാജാവ് ഇന്നലെ വൈകീട്ടോടെ റിയാദിൽ തിരിച്ചെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനും മറ്റു രാജകുമാരന്മാരും ചേർന്ന് കിംഗ് സൽമാൻ വ്യോമതാവളത്തിൽ സൽമാൻ രാജാവിനെ സ്വീകരിച്ചു. 
ബഹ്‌റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് സൽമാൻ രാജാവ് ഇന്നലെ ബഹ്‌റൈൻ സന്ദർശിച്ചത്. കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഇന്നലെ കിംഗ് ഫഹദ് കോസ്‌വേ വഴി കാർ മാർഗമാണ് രാജാവ് ബഹ്‌റൈനിലേക്ക് പോയത്. കിംഗ് ഫഹദ് കോസ്‌വേ റോയൽ ലോഞ്ചിലെത്തിയ സൽമാൻ രാജാവിനെ ബഹ്‌റൈൻ രാജാവ് സ്വീകരിച്ചു. ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽഖലീഫ രാജകുമാരൻ, കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ, ബഹ്‌റൈനിലെ സൗദി അംബാസഡർ ഡോ. അബ്ദുല്ല ആലുശൈഖ് തുടങ്ങിയവരും രാജാവിനെ സ്വീകരിക്കുന്നതിന് കോസ്‌വേയിലെത്തിയിരുന്നു. നേരത്തെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് പുറപ്പെട്ട സൽമാൻ രാജാവിനെ കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങിയവർ ചേർന്ന് യാത്രയാക്കി. 
 

Latest News