Sorry, you need to enable JavaScript to visit this website.

സൗദിയിൽ മൂന്നു വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക വളർച്ച

റിയാദ്- മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദിയിലുണ്ടായതെന്ന് റിപ്പോർട്ട്. കഴിഞ്ഞ കൊല്ലം നാലാം പാദത്തിൽ സൗദി അറേബ്യ 3.6 ശതമാനം സാമ്പത്തിക വളർച്ച നേടിയതായി അൽറാജ്ഹി കാപ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ട് പറഞ്ഞു. 2018 മൂന്നാം പാദത്തിൽ സാമ്പത്തിക വളർച്ച 2.5 ശതമാനമായിരുന്നു. പെട്രോൾ മേഖലയിലുണ്ടായ വലിയ വളർച്ചയാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. നാലാം പാദത്തിൽ പെട്രോൾ മേഖലയിൽ ആറു ശതമാനം വളർച്ചയുണ്ടായി. മൂന്നാം പാദത്തിൽ ഇത് 3.6 ശതമാനം മാത്രമായിരുന്നു. എണ്ണ വില ഉയർന്നതും വിദേശത്തേക്ക് കയറ്റി അയച്ച എണ്ണയുടെ അളവ് വർധിച്ചതുമാണ് നാലാം പാദത്തിൽ പെട്രോൾ മേഖലയിൽ ആറു ശതമാനം വളർച്ച കൈവരിക്കുന്നതിന് സഹായിച്ചത്. നാലാം പാദത്തിൽ എണ്ണ വില 11 ശതമാനവും കയറ്റുമതി ചെയ്ത എണ്ണയുടെ അളവ് എട്ടു ശതമാനവും വർധിച്ചു 
2015 അവസാന പാദത്തിനു ശേഷം ആദ്യമായാണ് സൗദി അറേബ്യ 3.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുന്നത്. എണ്ണ മേഖലയിലുണ്ടായ വളർച്ചയാണ് ഇതിന് സഹായിച്ചത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ 70 ശതമാനവും എണ്ണ മേഖലയുടെ പങ്കാണ്. നവംബറിൽ പ്രതിദിന എണ്ണ കയറ്റുമതി 78 ലക്ഷം ബാരലായി ഉയർന്നു. കഴിഞ്ഞ വർഷം ശരാശരി പ്രതിദിന എണ്ണ കയറ്റുമതി 72 ലക്ഷം ബാരലായിരുന്നു. 
നാലാം പാദത്തിൽ പെട്രോളിതര മേഖലയിൽ രണ്ടു ശതമാനം വളർച്ചയാണുണ്ടായത്. 2017 നാലാം പാദത്തിൽ പെട്രോളിതര മേഖലയിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സർവീസ് മേഖലകളിലുണ്ടായ മാന്ദ്യമാണ് പെട്രോളിതര മേഖലയിലെ വളർച്ച കുറയുന്നതിന് ഇടയാക്കിയത്. ഗവൺമെന്റിന്റെ ധനവിപുലീകരണ നയം ഈ വർഷം പെട്രോളിതര മേഖലയുടെ വളർച്ചക്ക് വലിയ പ്രചോദനമാകും. മൊത്ത, ചില്ലറ വ്യാപാര മേഖലയിലും റെസ്റ്റോറന്റ്, ഹോട്ടൽ മേഖലകളിലും നാലാം പാദത്തിൽ മാന്ദ്യം രേഖപ്പെടുത്തി. നിർമാണ മേഖലയിലും മാന്ദ്യമായിരുന്നു. നിരവധി വിദേശ തൊഴിലാളികൾ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടതും പെട്രോളിതര മേഖലയിലെ മാന്ദ്യത്തിന് കാരണമായതായും റിപ്പോർട്ട് പറഞ്ഞു.  

Latest News