കണ്ണൂര്‍- ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്. മട്ടന്നൂര്‍ പരിയാരത്തെ വിജിലിനെ(14)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ പന്ത് ആളൊഴിഞ്ഞ പറമ്പലിലേക്കു പോയത് എടുക്കാന്‍ ചെന്ന വിജില്‍, അവിടെയുണ്ടായിരുന്ന ബോള്‍ പോലുള്ള സാധനം എടുത്തപ്പോഴാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി അടക്കം ചിതറി. ശബ്ദം കേട്ട് എത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ രണ്ടാമത് തവണയാണ് ബോംബ് സ്‌ഫോടനത്തില്‍ കുട്ടികള്‍ക്കു പരിക്കേല്‍ക്കുന്നത്. നടുവിലില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടുപറമ്പിലുണ്ടായ സ്‌ഫോടനത്തില്‍ നേതാവിന്റെ മകനടക്കം രണ്ട് പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.