Sorry, you need to enable JavaScript to visit this website.

രാഹുലിനോട് മത്സരിക്കൂ,  രാഷ്ട്രീയം പറഞ്ഞ്..  

കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ബി.ജെ.പി നിർണായകശക്തിയല്ലാത്ത കേരളത്തിലെ വയനാട്ടിൽ മൽസരിക്കുന്നത് നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയമായി ശരിയായ തീരുമാനമല്ല എന്ന് അദ്ദേഹത്തോട് താൽപ്പര്യമുള്ളവരിൽ തന്നെ വലിയൊരു ഭാഗം വിശ്വസിക്കുന്നു. പലരും വെട്ടിത്തുറന്നു പറയുകയും ചെയ്തു. എന്നാലദ്ദേഹം അതെല്ലാം തള്ളി മത്സരിക്കാൻ തീരുമാനിച്ചു. ഇത്രമാത്രം സമ്മർദ്ദമുണ്ടായിട്ടും അതവഗണിക്കാൻ തക്ക കാരണം ഒരു ക്ഷെ അദ്ദേഹത്തിനുണ്ടായിട്ടുണ്ടാകാം. ഒരുപക്ഷെ അത് അമേത്തിയിലെ പരാജയഭീതി പോലുമാകാം. എസ്പി - ബിഎസ്പി സഖ്യം അമേത്തി സീറ്റ് രാഹുലിനായി മാറ്റി വെച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന മായാവതി - തീർച്ചയായും അവരാ പദവിക്ക് അർഹയാണ് വോട്ടുമറിച്ച് രാഹുലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന വാർത്തയൂണ്ട്. അതും ഒരുപക്ഷെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കാനുള്ള തീരുമാനത്തിനു കാരണമാകാം. സ്വാഭാവികമായും അത് ദക്ഷിണേന്ത്യയിലാകുന്നതാണ് രാഷ്ട്രീയമായി ശരി. പ്രത്യേകിച്ച് തങ്ങൾക്ക് കാര്യമായ പിന്തുണ കിട്ടാത്തതിനാൽ ദക്ഷിണേന്ത്യക്കെതിരെയുള്ള നീക്കങ്ങളിലാണ് സംഘപരിവാർ എന്ന വാർത്ത നിലവിലുള്ളപ്പോൾ. അതേസമയം ദക്ഷിണേന്ത്യയിൽ കർണ്ണാടകത്തിലൊവികെ മറ്റെവിടെ മത്സരിച്ചാലും രാഹുലിനെതിരെ സമാനമായ ആരോപണം ഉയരാം. കർണ്ണാടകത്തിൽ പൂർണ്ണമായും സുരക്ഷിതമാണെന്നു കരുതാവുന്ന മണ്ഡലം കണ്ടെത്താനായിട്ടുണ്ടാകില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് വിശ്വസനീയമായ വാർത്തകൾ.
എന്തായാലും തീരുമാനമായി. ഇനി വേണ്ടത് തികഞ്ഞ സ്‌പോർട്‌സ്മാൻ സ്പിരിട്ടോടേ, മാന്യമായ രാഷ്ട്രീയപോരാട്ടത്തിനാണ് മൂന്നു മുന്നണികളും തയ്യാറാകേണ്ടത്. രാഹുലിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കാനായിരുന്നു എൻഡിഎ തയ്യാറാകേണ്ടിയിരുന്നത്. എന്നാൽ അമേഠിയ്ൽ നിന്ന് രാഹുൽ ഒളിച്ചോടി എന്നാരോപിക്കുന്ന ബിജെപി, അതിൽ നിന്ന് ഒളിച്ചോടി സീറ്റ് തുഷാറിന് നൽകുകയാണ് ചെയ്തത്. മാത്രമല്ല, തുടക്കത്തിൽ തന്നെ വളരെ നിഷേധാത്മക പ്രതികരണങ്ങളാണ് എൻഡിഎയിൽ നിന്നുമാത്രമല്ല, എൽഡിഎഫിൽ നിന്നുപോലും ഉണ്ടാകുന്നത് എന്നത് ഖേദകരമാണ്. നിർഭാഗ്യവശാൽ രാഷ്ട്രീയമായി രാഹുലിനെ നേരിടാതെ വർഗ്ഗീയകാർഡിറക്കുകയാണ് പ്രധാനമന്ത്രി പോലും ചെയ്യുന്നത്. ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ താൽപ്പര്യാനുസരണം ചരിത്രപരമായി രൂപം കൊണ്ട പാർട്ടിയാണെങ്കിലും ഒരിക്കലും ഒരു വർഗീയ പാർട്ടിയെന്നു പറയാനാകാത്ത മുസ്‌ലിം ലീഗിനെ വർഗീയപാർട്ടിയെന്നും മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിൽ നിന്നകന്നവർ എന്നും പരോക്ഷമായി ആരോപിച്ചാണ് മോഡി രംഗത്തെത്തിയത്. അത്തരത്തിലുന്നയിച്ച് രാഹുലിനു വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന മുസ്‌ലിം ലീഗ് പിന്തുണ ഉത്തരേന്ത്യയിൽ കോൺഗ്രസിനെതിരായ പ്രചാരണായുധമാക്കാനുമാണ് നീക്കം. അതിലൂടെ ഹിന്ദുത്വവിരുദ്ധ പാർട്ടിയായി കോൺഗ്രസിനെ മുദ്രകുത്താനും. പാകിസ്ഥാൻ പതാകയെന്ന മട്ടിൽ മുസ്‌ലിം 
ലീഗിന്റെ കൊടി ഉത്തരേന്ത്യയിൽ  പ്രചരിപ്പിച്ചുതുടങ്ങിയതായും വാർത്തയുണ്ട്. രാഹുലിന്റെ പേര് പരാമർശിക്കാതെ, കോൺഗ്രസ് നേതാക്കൾ ഹിന്ദുക്കളെ പേടിച്ച് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം തേടി ഓടിയെന്ന്  പ്രധാനമന്ത്രി ആരോപിക്കുകയും ചെയ്തു.  
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം മുന#നിർത്തി രാജ്യമാകെ വർഗ്ഗീയത കളിക്കാനും അതിനായി മുസ്‌ലിം വിഭാഗങ്ങളേയും ലീഗിനേയും ദേശവിരുദ്ധരായി ചിത്രീകരിക്കാനും ഹിന്ദുത്വമാണ് ഇന്ത്യൻ ദേശിയതയെന്നും അതിന്റെ പ്രതിനിധികൾ തങ്ങളാണെന്നും സ്ഥാപിക്കാനാണ് നീക്കമെന്ന് വ്യക്തം. വളരെ ഗൗരവമായി കാണേണ്ട ഈ വിഷയത്തെ അതുപോലെ കാണാൻ മറ്റു മതേതരപാർട്ടികൾ തയ്യാറാകുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അത്തരമൊരു പരിശോധനയിൽ ഇല്ല എന്നുതന്നെ പറയാനാകും. എന്തായാലും കേരളത്തിലെ മതേതരവക്താളെന്നവകാശപ്പെടുന്ന എൽഡിഎഫും സിപിഎമ്മും ഇതിനെ രാഷ്ട്രീയമായി കാണാതെ താൽക്കാലിക നേട്ടത്തിനായാണ് ഉപയോഗിക്കുന്നത്. അതിന്റെ തെളിവാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. മുഖപ്രസംഗത്തിന്റെ തലക്കെട്ടിൽ പപ്പു എന്നുപയോഗിച്ചത് ജാഗ്രതക്കുറവാണെന്ന് പി എമ മനോജ് പറയുന്ന കേട്ടു. പക്ഷെ അതല്ലല്ലോ പ്രധാനപ്രശ്‌നം. ഫലത്തിൽ ബിജെപി പറയുന്ന അതേവിഷയം തന്നെയാണ് മുഖപ്രസംഗത്തിലും പറയുന്നത്. വയനാട്ടിൽ കോൺഗ്രസിന്റെ വോട്ടിനേക്കാൾ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ് എന്നു വ്യക്തമായി പറയുന്നു. മോദി പറഞ്ഞ ഭയപ്പെട്ടോടുന്നു എന്ന പരാമർശം അതിനുമുന്നെ കോടിയേരിയും പറഞ്ഞു. തമാശയെന്തെന്നു വെച്ചാൽ ബിജെപിയും സിപിഎമ്മും അടുത്തകാലം വരെ പറഞ്ഞിരുന്നത് രാഹുലിന്റേത് മൃദുഹിന്ദുത്വമാണെന്നാണ്. അദ്ദേഹം ക്ഷേത്രങ്ങലിൽ പോകുന്നതാണ് അതിനു കാരണമായി പറഞ്ഞത്. ക്ഷേത്രങ്ങളിൽ പോകാത്തവർ ആരാണെന്നത് അവിടെ നിൽക്കട്ടെ. മൃദുഹിന്ദുത്വമെന്ന ആരോപണം സമർത്ഥിക്കാൻ കോൺഗ്രസ്സിന്റെ ഒരുപാട് ചരിത്രം ഈ മുഖപ്രസംഗത്തിലും ദേശാഭിമാനി പറയന്നുണ്ട്. എല്ലാം ശരിതന്നെയാകാം. സിപിഎമ്മിനെതിരേയും സംവരണമടക്കമുള്ള നിലപാട് ചൂണ്ടികാട്ടി ഈ ആരോപണം ഉന്നയിക്കുന്നവരുണ്ടെന്നതും തൽക്കാലം മറക്കാം. എന്തായാലും അതെല്ലാം മാറ്റിവെച്ചാണ് ഈ ന്യൂനപക്ഷ ആരോപണം ഇരുകൂട്ടരും ഉന്നയിക്കുന്നത്. തീർത്തും അപകടകരമായ സമീപനമാണിതെന്നു പറയാതെ വയ്യ.
വാസ്തവത്തിൽ ഒരു ജാാധിപത്യസംവിധാനത്തിന്റെ വിജയം ന്യൂനപക്ഷം സുരക്ഷിതരാണോ എന്ന പരിശോധനയാണ്. ന്യൂനപക്ഷത്തോട് നിങ്ങളെടുക്കുന്ന നിലപാടാണ് നിങ്ങളുടെ ജനാധിപത്യബോധത്തെ നിർണയിക്കുന്നത്. 
ഭൂരിപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കാൻ എളുപ്പമാണ്. മഹാത്മാ ഗാന്ധി പോലും ഈ ആശയം സ്വന്തം ശൈലിയിൽ ഉന്നയിച്ചിട്ടുണ്ട്. എങ്കിൽ ന്യനപക്ഷം നിങ്ങളെ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ജനാധിപത്യബോധത്തിൽ എന്തോ തകരാറുണ്ടെന്നാണർത്ഥം. അതാണ് പരിശോധിക്കേണ്ടത്. 
ഒരു കാര്യം ഉറപ്പാണ്. 2014ലെ രാഹുൽഗാന്ധിയല്ല, ഇന്നത്തെ രാഹുൽ ഗാന്ധിയെന്ന് മോഡിമുതൽ കോടിയേരി വരെയുള്ളവർക്കറിയാം. അന്നത്തെ കോൺഗ്രസ്സല്ല ഇന്നത്തെ കോൺഗ്രസ്സ്. ഇക്കാലയളവിൽ കേന്ദ്രസർക്കാരിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും നടന്ന ദളിത് - മുസ്‌ലിം - ബുദ്ധിജീവി കൊലകൾക്കെതിരേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടന്ന നീക്കങ്ങൾക്കെതിരേയും നടന്ന പ്രക്ഷോഭങ്ങളിലെല്ലാം രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട കർഷകപ്രക്ഷോഭങ്ങളിലും രാഹുൽ ഇടപെട്ടിരുന്നു. അതേസമയം ഏതെങ്കിലും പ്രക്ഷോഭം നയിക്കാൻ രാഹുലിനോ കോൺഗ്രസിനോ സാധിച്ചിട്ടില്ല എന്ന വിമർശനം നിലവിലുണ്ട്താനും. മാത്രമല്ല ഏറെ പ്രതീക്ഷകൾ ഉണ്ടെയെങ്കിലും തെരഞ്ഞെടുപ്പടുത്തപ്പോൾ എൻഡിഎക്കെതിരെ മഹാസഖ്യം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലും രാഹുൽ പരാജയമാണ്. യുപിയിൽ എസ് പി - ബി എസ് പി സഖ്യത്തിൽ കോൺഗ്രസില്ല. ബംഗാളിൽ മമതയുമായി സഖ്യമില്ല.  
ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും പ്രതിപക്ഷ ഐക്യശ്രമം വിജയിച്ചില്ല. ബിഹാറിലും ഡൽഹിയിലും അതുതന്നെ അവസ്ഥ. ഇന്ത്യൻ സാഹചര്യത്തിൽ  പ്രാദേശിക പാർട്ടികളുമായി ഐക്യപ്പെട്ട് മഹാസഖ്യം രൂപീകരിക്കാത്തിടത്തോളം എൻ.ഡി.എയെ പരാജയപ്പെടുത്താനാകുമെന്ന് കരുതുക വയ്യ. എന്നാൽ അക്കാര്യത്തിൽ പ്രതീക്ഷിച്ച തലത്തിലെത്താൻ രാഹുലിനായില്ല എന്ന് പറയാതെ വയ്യ. 
തെരഞ്ഞെടുപ്പിനുശേഷം അത് സാധ്യമാകണമെങ്കിൽ ഏറ്റവും വലിയ ഒറ്റപാർട്ടിയായി കോൺഗ്രസ് മാറണം. അതിനുള്ള സാധ്യത വിരളമാണ്. എങ്കിലും ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കോൺഗ്രസിനും മറ്റു പ്രതിപക്ഷപാർട്ടികൾക്കും സാധിക്കുമെന്നു കരുതാം. അതിനാണ് ബി.ജെ.പിയും സിപിഎമ്മും അടക്കമുള്ള പാർട്ടികളും തയ്യാറാകേണ്ടത് - വർഗീയ, ന്യൂനപക്ഷ വിരുദ്ധ കാർഡുകൾ വലിച്ചെറിഞ്ഞ് കൊണ്ട്. 

Latest News