കോഴിക്കോട്- ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി. ടി വി 9 ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവൻ കുടുങ്ങിയത്. ഒരു കൺസൾട്ടൻസി കമ്പനിയുടെ ആളാണെന്ന വ്യാജേന ഹോട്ടൽ വ്യവസായത്തിനായി ഭൂമി വാങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ടെത്തിയ റിപ്പോർട്ടറോട് രണ്ട് കോടി രൂപ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിംഗ് ഓപ്പറേഷനിലാണ് സംഭവം. തനിക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എം.കെ രാഘവൻ റിപ്പോർട്ടറോട് പറയുന്നുണ്ട്.
ഈ പണം കറൻസി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.ഡമ്മി സ്ഥാനാർത്ഥികളെ നിർത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികൾക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്ന വാചകങ്ങളും ദൃശ്യങ്ങളിലുണ്ട്.പാർട്ടി രണ്ടു കോടി രൂപ മുതൽ അഞ്ചുകോടിരൂപ വരെ നൽകാറുണ്ടെന്നും അതും കണക്കിൽപ്പെടാതെ കറൻസിയായാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. കൺസൾട്ടൻസി കമ്പനിയുടെ ആളായെത്തിയ റിപ്പോർട്ടർ നൽകാമെന്നേറ്റ കോഴപ്പണവും കറൻസിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാൽ മതിയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
മഹാരാഷ്ട്രയിലെ വാർദ്ധയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ രാംദാസ് തടസും ടി വി 9 ചാനലിന്റെ ഈ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയിട്ടുണ്ട്.