കണ്ണൂർ കക്കാട് അങ്ങാടിയിലെ ബാല്യത്തിലേക്കാണ് പന്ന്യൻ രവീന്ദ്രൻ നോമ്പ് കാലത്തേക്ക് നമ്മെ കൂട്ടി നടക്കുന്നത്. കക്കാട് അങ്ങാടിയിൽ വെച്ചാണ് റമദാൻ നോമ്പിനെ കുറിച്ച് ഞാൻ അറിഞ്ഞു തുടങ്ങുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ കൂട്ടുകാർ കൂടുതലും ഇസ്‌ലാം മത വിശ്വാസികളായിരുന്നു.
പതിവ് മാസങ്ങളിൽ നിന്ന് റമദാൻ കാലത്ത് വ്യത്യസ്തമാണ് കക്കാട് അങ്ങാടി. നോമ്പുതുറ സമയത്ത് വിജനമാകും. കൂട്ടുകാരുടെ കൂടെ നോമ്പ് തുറക്കാൻ ഞാനും അവരുടെ വീട്ടിൽ പോകും. അന്ന് കുടിച്ച പാൽത്തരിയുടെയും
വിഭവങ്ങളുടെയും സ്വാദ് നാവിൻതുമ്പിൽ ഇന്നുമുണ്ട്. കൂട്ടുകാരുടെ ഉമ്മമാർ, വല്യുമ്മമാർ, ഇത്താത്തമാർ അവരൊക്കെ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുത്തിട്ടാണല്ലോ ഇവയെല്ലാം തയ്യാറാക്കുന്നത് എന്ന് എന്റെ മനസ്സിലുടക്കി. അന്ന് മുതലാണ് എനിക്കും റമദാനിൽ നോമ്പ് എടുക്കണം എന്ന് തോന്നിയത്. പിന്നീട് ഞാൻ നോമ്പ് എടുത്ത് നോമ്പുതുറയിൽ പങ്കെടുക്കാൻ തുടങ്ങി. അങ്ങനെ വിരലിണ്ണാവുന്നതെങ്കിലും വർഷത്തിൽ നോമ്പുകാരനായി ഞാനും മാറി.
നോമ്പിന്റെ മഹത്വം വലുതാണെന്ന് നോമ്പെടുത്തത് വഴിയാണ് എനിക്ക് ബോധ്യമായത്. ശാരീരിക മാനസിക ഉല്ലാസം തരുന്ന നോമ്പ് ലോകത്ത് പട്ടിണി കിടക്കുന്നവന്റെ വേദന എന്തെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. കേരളത്തിലെ മുൻ ചീഫ് എൻഞ്ചിനീയറായിരുന്ന കുട്ട്യാമു സാഹിബിന്റെ ഖുർആൻ പരിഭാഷ വഴി ഇസ്‌ലാം മതത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. നോമ്പെന്നത് മനുഷ്യന്റെ മനസ്സിനെ ബലപ്പെടുത്തുന്ന ഉപാധിയായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. ഭക്ഷണവും ദേഹേഛകളും വെടിഞ്ഞ് മനസ്സിന് കടിഞ്ഞാണിടുന്നതാണ് നോമ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ലെന്നാണ് പ്രവാചക വചനം. അധ്വാനിക്കുന്നവന് വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. ലോകത്തിന് മാതൃകയാക്കാവുന്ന തത്വങ്ങളാണ് ഇവയെല്ലാം.
നോമ്പുകാലത്ത് നടക്കുന്ന ദാനധർമ്മം അഥവാ സക്കാത്ത് എത്ര മഹത്തരമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ നാട്ടിൽ ഒരു ദളിത് കുടുംബം മതം മാറി. ഇതിൽ ക്ഷുഭിതരായ ചിലർ അവരെ മർദ്ദിച്ചു. എന്തുകൊണ്ട് മതം മാറി എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ഞങ്ങൾ പട്ടിണിയിലായിരുന്നു. ഇന്നിപ്പോൾ പട്ടിണി മാറിയെന്നാണ്. മർദ്ദകരെ തടഞ്ഞ് ഞങ്ങൾ പറഞ്ഞു, ഇനി അവനെ തൊടാനുളള യോഗ്യത നിനക്കില്ല.
കാരണം അവന്റെ ജാതി ചോദിക്കുന്നതിന് മുമ്പ് നീ അവൻ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കണമായിരുന്നു. അതാണ് മനുഷ്യത്വം. ഇപ്പോൾ അവനോട് നീ കാണിക്കുന്നത് കാട്ടുനീതിയാണ്. ചെമ്പേരി പൊട്ടൻ എന്ന കവിതയിൽ പറയുന്നതും അതാണ്. ചെമ്പേരി പൊട്ടൻ നാട്ടിൽ വെച്ച് മരിച്ചു. ചെമ്പേരിക്ക് അവകാശികളായി വിവിധ മതസ്ഥർ എത്തി. അവർ തമ്മിൽ കലാപമായി. അപ്പോഴാണ് അങ്ങാടിയിലെ തൊഴിലാളികൾ എത്തി ചോദിക്കുന്നത്. നിങ്ങളിൽ ആരെങ്കിലും ഇയാൾക്ക് ഒരു കാലിച്ചായ വാങ്ങിക്കൊടുത്തിട്ടുണ്ടോയെന്ന്. ആരും മിണ്ടിയില്ല. എന്നാൽ ഞങ്ങൾ ചായയും ഭക്ഷണവും നൽകിയിട്ടുണ്ട്. അതുകൊണ്ട് ചെമ്പേരിയെ ഞങ്ങൾ സംസ്‌കാരിച്ചോളാം. മതത്തിന്റെ പേരിൽ പരസ്പരം ആക്രമിക്കുന്നവർ ആലോചിക്കുക ഓരോരുത്തരും എങ്ങനെയാണ് ജീവിക്കുന്നതെന്ന്.
റമദാനിൽ നടന്ന ബദർ യുദ്ധവും മഹാഭാരത യുദ്ധവും ഏറെ സമാനതകളുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. രണ്ടിലും ധർമ്മത്തിനാണ് വിജയം. അധർമ്മത്തിന്റെ ആയിരക്കണക്കിന് വക്താക്കളായി ഖുറൈശികൾ ഒരു ഭാഗത്തും ധർമത്തിന്റെ പക്ഷത്ത് കുറഞ്ഞ വിശ്വാസികളുമായി നബി തിരുമേനി മറുഭാഗത്തും. യുദ്ധത്തിൽ ധർമത്തിന്റെ വക്താവായ പ്രവാചകനായിരുന്നു വിജയം. മഹാഭാരതമെന്ന ധർമ യുദ്ധത്തിലും ധർമപുത്രന്മാരുടെ പക്ഷം ആൾബലം കുറഞ്ഞിട്ടും വിജയം കൈവരിക്കാനായി.
മതങ്ങളെ കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ബോധമില്ലാത്തവരാണ് ഇന്ന് നാട്ടിൽ വിപത്ത് വിതക്കുന്നത്.
കണ്ണൂർ കക്കാട് ദിനേശ് ബീഡി സ്ഥാപകനായ വി.പി. വമ്പൻ സാഹിബിന്റെ കൂടെ നോമ്പു തുറക്കാൻ പോയതാണ് ജീവിതത്തിലെ ആദ്യത്തെ വലിയ നോമ്പ് സൽക്കാരം. കണ്ണൂരിലെ അബ്ദുല്ല ഹാജി എവിടെ നിന്നു കണ്ടാലും നോമ്പ് തുറക്കാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും. വിഭവമേള നടത്തുന്ന പൊങ്ങച്ചത്തിന്റെ ഇഫ്താറുകളോട് എനിക്ക് താൽപര്യമില്ല. അയൽവാസികളും കൂട്ടുകാരും ചേർന്നുള്ള ചെറിയ നോമ്പുതുറകളാണ് വലിയ സന്ദേശങ്ങൾ നൽകുന്നത്.
നോമ്പുകാരായ കൂട്ടുകാരിൽ നിന്ന് പകർന്നു കിട്ടിയ നോമ്പെടുക്കൽ ശീലം ഞാനിന്നും തുടരുന്നുണ്ട്. ദേഹാസ്വാസ്ഥ്യങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം വരെ രണ്ട് നോമ്പുകളാണ് നോറ്റത്. എന്നാൽ ഈ വർഷം മൂന്ന് നോമ്പ് എടുക്കാനാണ് തീരുമാനം. ദിനേന പല തവണ ചായ കുടിക്കുന്ന ശീലമുള്ളയാളാണ് ഞാൻ. എല്ലാം നോമ്പിന് വേണ്ടി ഉപേക്ഷിക്കും. അതു വഴി മനസ്സും ശരീരവും ശാന്തമാക്കും. വായനയിൽ മുഴുകും.