വ്യാജന്മാര്‍ ജാഗ്രതൈ... കുവൈത്തില്‍ നിരവധി ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷണത്തില്‍

കുവൈത്ത് സിറ്റി- ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍നിന്ന്  601 പേര്‍ നേടിയ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകഴ് വ്യാജമാണോ എന്ന് സംശയം. ഇതോടെ ഉന്നതവിദ്യാഭ്യാസമന്ത്രാലയം പരിശോധന ആരംഭിച്ചു. ലോകത്ത് എവിടെയുമുള്ള സര്‍വകലാശാലകളുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രം കുവൈത്തിലെ സാല്‍മിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി പ്രാദേശിക പത്രം അന്വേഷണത്തില്‍ കണ്ടെത്തിയതും കര്‍ശന അന്വേഷണത്തിന് കാരണമായി.

ഇന്ത്യന്‍ സര്‍വകലാശാലകളുടെ പേരിലുള്ള 113 പി.എച്ച്.ഡി/ മാസ്റ്റര്‍ ബിരുദങ്ങളും കോമേഴ്‌സ് ബിരുദങ്ങളും ബിസിനസ് അഡിമിനിസ്‌ട്രേഷനിലുള്ള 26 ബിരുദ സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. ആതന്‍സ് സര്‍വകലാശാലയുടെ പേരില്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള 10 സ്വദേശികളുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

13 വര്‍ഷമായി വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഈ സ്ഥാപനം മുഖേന നേടിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള  മേഖലകളില്‍ പലരും ജോലി സമ്പാദിച്ചിട്ടുണ്ട്. ലബനോന്‍, പാരിസ്, യു.എസ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളുടെ പേരിലും ഈ കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടത്രെ.

 

Latest News