ദോഹ- എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കൊച്ചി-കോഴിക്കോട് -ദോഹ വിമാനം റദ്ദാക്കിയത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഈ വിമാനം കഴിഞ്ഞ ദിവസം ദോഹയില്‍ കേടായതാണ് സര്‍വീസ് താളം തെറ്റിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരുന്നു. കൊച്ചി-കോഴിക്കോട്-ദോഹ വിമാനം കൊച്ചിയില്‍നിന്നു രാവിലെ 9.30ന് കോഴിക്കോട്ട് എത്തേണ്ടതായിരുന്നു. ഈ വിമാനം റദ്ദാക്കിയതോടെ കൊച്ചിയില്‍നിന്നു കോഴിക്കോട്ട് എത്താനുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് ദോഹയിലേക്കു പോകാനുള്ള യാത്രക്കാരുമാണ് വലഞ്ഞത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ കൊച്ചി-ബംഗളൂരു-സിംഗപ്പൂര്‍ വിമാനം കോഴിക്കോട് വഴി തിരിച്ചു വിട്ടാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്. കൊച്ചിയില്‍നിന്നു കോഴിക്കോട്ടേക്കുള്ള യാത്രക്കാരെ 11.15ന് ഈ വിമാനത്തില്‍ എത്തിച്ചു. തിരുവനന്തപുരം-കോഴിക്കോട്-ദോഹ വിമാനത്തില്‍ കോഴിക്കോട്ടുനിന്നു ദോഹയിലേക്കുള്ള യാത്രക്കാരെയും കൊണ്ടുപോയി.