കൊണ്ടോട്ടി- അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ ആദ്യ ഹജ് സർവ്വീസുകൾ കരിപ്പൂരിൽനിന്ന് ജൂലൈ നാലു മുതൽ പുറപ്പെടും. ഇതേ ആഴ്ചയിൽ തന്നെ നെടുമ്പാശ്ശേരിയിൽ നിന്നും ഹജ് സർവ്വീസുകൾ ആരംഭിക്കും. കേരളത്തിലെ ഹജ് സർവ്വീസുകൾ ആദ്യഘട്ടത്തിലേക്ക് മാറ്റിയതിനാൽ വിമാനങ്ങൾ നേരിട്ട് മദീനയിലേക്ക് ആയിരിക്കും പുറപ്പെടുക. മദീന സന്ദർശനം ഹജിന് മുമ്പ് പൂർത്തിയാക്കുന്ന തീർത്ഥാടകർ മക്കയിലെത്തി ഹജ് കഴിഞ്ഞയുടനെ ജിദ്ദ വഴി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി മടങ്ങിയെത്തും.
ജൂലൈ നാലിന് കരിപ്പൂരിൽ നിന്നു പുറെപ്പടുന്ന രീതിയിൽ ആദ്യഘട്ടത്തിലേക്ക് കേരളത്തിലെ ഹജ് സർവ്വീസുകൾ കേന്ദ്ര ഹജ് കമ്മറ്റി ക്രമീകരിച്ചതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. വർഷങ്ങളായി ജിദ്ദ വഴിയുളള രണ്ടാംഘട്ടത്തിലാണ് കേരളം ഉൾപ്പെടാറുളളത്. ആയതിനാൽ മദീന സന്ദർശനം ഹജ് കഴിഞ്ഞാണ് നടക്കാറുളളത്. കരിപ്പൂരിനൊപ്പം തന്നെ ജൂലൈ ആദ്യ വാരം നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ് സർവ്വീസുകളും പുറപ്പെടും.
സൗദി സർക്കാർ അനുവദിച്ച പുതിയ ഹജ് ക്വാട്ട പ്രകാരം ഇന്ത്യയിൽ 25,000 സീറ്റുകൾ കൂടി ഇത്തവണ അധികം ലഭിക്കും. കേരളത്തിലും രണ്ടായിരത്തോളം പേർക്ക് കൂടുതലായി അവസരം ലഭിക്കും. ഹജ് കമ്മറ്റിയുടെ വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ രണ്ടായിരം വരെയുള്ളവർ പാസ്‌പോർട്ട് ഹജ് കമ്മറ്റി ഓഫീസിൽ ഏപ്രിൽ 8നും 22 നുമിടയിലായി സമർപ്പിക്കണം. ഇവർക്കുള്ള പണമടവുൾപ്പെടെയുള്ള മറ്റുകാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഹജ് തീർത്ഥാടകരുടെ കുത്തിവെപ്പും, തുളളിമരുന്നും റമദാനിനു മുമ്പ് പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ റമദാനിനുശേഷം പൂർത്തിയാക്കിയാൽ മതിയാകും.
മുംബൈയിലെ കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്‌സൂദ് അഹ്മദ് ഖാനുമായി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഹജ് കമ്മറ്റി അംഗം മുസ്‌ലിയാർ സജീർ എന്നിവർ ചർച്ച നടത്തി. സംസ്ഥാന ഹജ് കമ്മറ്റിയുടെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് ഡോ. മഖ്‌സൂദ് അഹ്മദ് ഖാൻ കേരളത്തിലെത്തും. ഹജ് സർവ്വീസുകൾ കരിപ്പൂരിൽ ഏറ്റെടുത്ത് നടത്തുന്ന സൗദി എയർലൈൻസ്, നെടുമ്പാശ്ശേരിയിൽനിന്നു നടത്തുന്ന എയർ ഇന്ത്യ, എയർപോർട്ട് അതോറിറ്റി എന്നിവരുമായും ഡോ. മഖ്‌സൂദ് അഹ്മദ് ഖാൻ കൂടിക്കാഴ്ച നടത്തും.
പ്രവാസികൾക്ക് ഗുണം ചെയ്യും
കൊണ്ടോട്ടി- കേരളത്തിൽ നിന്നുളള ഹജ് സർവ്വീസുകൾ ആദ്യഘട്ടത്തിലെ മദീന വഴി മാറ്റിയത് പ്രവാസികളായ ഹജ് തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യും. ജോലി സ്ഥലത്ത് നിന്ന് കുറഞ്ഞ അവധി ലഭിക്കുന്ന പ്രവാസികൾക്ക് ഹജിന് പാസ്‌പോർട്ട് സമർപ്പിച്ച് യാത്രക്കായി ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഹജ് സർവ്വീസുകൾ രണ്ടാംഘട്ടത്തിലായതിനാലാണിത്. എന്നാൽ ഈ വർഷം ഹജ് സർവ്വീസുകൾ ആദ്യഘട്ടത്തിലേക്ക് മാറ്റിയതിനാൽ ഇവർക്ക് ഹജ് കഴിഞ്ഞ ഉടനെ തന്നെ വിദേശ രാജ്യങ്ങളിലെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാകും. പ്രവാസികൾക്ക് പാസ്‌പോർട്ട് സമർപ്പണത്തിന് സാവകാശം നൽകാറുണ്ട്. എന്നാൽ ഹജ് സർവ്വീസുകൾ രണ്ടാംഘട്ടത്തിലായതിനാൽ ഇത് കൊണ്ട് പ്രയോജനം ലഭിക്കാറില്ല. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ പ്രവാസി തീർത്ഥാടകരുളളത് കേരളത്തിൽ നിന്നാണ്.