ജിദ്ദ - വിശുദ്ധ റമദാനില്‍ മക്കയിലെ പാര്‍ക്കിംഗുകളില്‍ നിന്ന് വിശുദ്ധ ഹറമിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുന്നതിന് 2220 ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. റമദാനില്‍ വിശുദ്ധ ഹറമിലേക്കും തിരിച്ചും 4.5 കോടിയിലേറെ പേര്‍ക്ക് ബസുകളില്‍ യാത്രാ സൗകര്യം ലഭിക്കും. വിശുദ്ധ റമദാനില്‍ ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ തയാറെടുപ്പുകള്‍ വിശകലനം ചെയ്യുന്നതിന് മക്ക പ്രവിശ്യ ആക്ടിംഗ് ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ചേര്‍ന്ന സെന്‍ട്രല്‍ ഹജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മക്കയിലെ പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചത്.
തീര്‍ഥാടകര്‍ താഴെ വീഴാതെ നോക്കുന്നതിന് വിശുദ്ധ ഹറമിന്റെ ടെറസില്‍ അര ഭിത്തി നിര്‍മിക്കുന്നുണ്ട്. 500 മീറ്റര്‍ നീളത്തിലാണ് അര ഭിത്തി നിര്‍മിക്കുന്നത്. ഭിത്തിക്ക് 323 സെന്റീമീറ്ററാണ് ഉയരം. ശഅ്ബാന്‍ മധ്യത്തിനു മുമ്പായി ഭിത്തി നിര്‍മാണം പൂര്‍ത്തിയാകും. മതാഫില്‍ മണിക്കൂറില്‍ 1,07,000 പേര്‍ക്ക് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന് സാധിക്കും. മസ്അയില്‍ മണിക്കൂറില്‍ 1,23,000 പേര്‍ക്ക് സഅ്‌യ് കര്‍മം നിര്‍വഹിക്കുന്നതിനും സാധിക്കും. ഇതടക്കം തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് വിശുദ്ധ ഹറമിലെ സുസജ്ജത യോഗം വിലയിരുത്തി.