കൊടുവള്ളി: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇടതുമുന്നണി പ്രവേശനം നേടിയ ഐ.എന്‍.എല്ലില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയിച്ചതോടെ മന്ത്രി സ്ഥാനത്തിനായി കരുനീക്കി ഐ.എന്‍.എല്‍. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ അനുഗ്രഹാശിസുകളോടെയാണ് പുതിയ നീക്കം. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള മുന്നണി നേതാക്കള്‍ പങ്കെടുത്ത കോഴിക്കോട് മുതലക്കുളത്തെ ലയനസമ്മേളനം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പി.ടി.എ റഹീമിന്റെ സത്യപ്രതിജ്ഞക്ക് വഴിയൊരുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എയായ പി.ടി.എ റഹീമിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള നീക്കത്തിന് മന്ത്രി കെ.ടി ജലീലിന്റെ പിന്തുണയുമുണ്ട്.
ലീഗ് വിമതരായി ഇടതുപാളയത്തിലെത്തി എം.എല്‍.എമാരായവരാണ് ജലീലും റഹീമും. നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹിമാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച കാരാട്ട് അബ്ദുറസാഖ് എന്നീ ഇടത് സ്വതന്ത്രന്‍മാരുടെ പിന്തുണയും ഇക്കാര്യത്തില്‍ പി.ടി.എ റഹീമിനും ഐ.എന്‍.എല്ലിനുമുണ്ട്. കൊടുവള്ളിയിലെ സ്വര്‍ണലോബി ഈ ചര്‍ച്ചകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.
മന്ത്രിസ്ഥാനം ലഭിച്ചാല്‍ മുസ്‌ലിം ലീഗില്‍ പിളര്‍പ്പുണ്ടാക്കി വലിയ വിഭാഗത്തെ ഒപ്പം കൊണ്ടുവരാമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായ പൊന്നാനി പിടിക്കാന്‍ പി.വി അന്‍വറിനെ മത്സരിപ്പിക്കുന്ന സി.പി.എമ്മിന് ഐ.എന്‍.എല്ലിന്റെ മന്ത്രിസ്ഥാനത്തില്‍ എതിര്‍പ്പില്ല. ഇടയാനിടയുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലയനസമ്മേളനത്തില്‍ പങ്കെടുപ്പിച്ച് അനുകൂലമാക്കുകയും ചെയ്തിട്ടുണ്ട്.
ലീഗിനെ പിളര്‍ത്താന്‍ ഐ.എന്‍.എല്ലിനെ ഉപയോഗിക്കണമെന്ന നിലപാടാണ് മന്ത്രി കെ.ടി ജലീലിനുള്ളത്. ഐ.എന്‍.എല്‍ ഇടതുമുന്നണി ഘടകകക്ഷിയായ സാഹചര്യത്തില്‍ എം.എല്‍.എയുണ്ടായാല്‍ മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് കൊടുവള്ളിയിലെ സ്വര്‍ണലോബി ചരടുവലിക്കുന്നത്.