ദഹ്‌റാൻ- സൗദിയുടെ ചരിത്രത്തിൽ ആദ്യമായി എഴുപത് ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഹോക് ജെറ്റ് പരിശീലന വിമാനം സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനാഛാദനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർബെയ്‌സിൽ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങിൽ നിരവധി രാജകുമാരന്മാരും സൈനിക മേധാവികളും ഉന്നത ഉദ്യോഗസ്ഥരും സാക്ഷികളായി.
പരിശീലക വിമാനത്തിന്റെ വിവിധ ഭാഗങ്ങളുടെ നിർമാണത്തിന്റെയും സംയോജനത്തിന്റെയും ഘട്ടങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം കിരീടാവകാശി സശ്രദ്ധം ശ്രവിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള വിദഗ്ധർക്ക് കീഴിൽ രണ്ട് വർഷത്തിലേറെ പരിശീലനം നേടിയ സ്വദേശി യുവാക്കളുടെ നേതൃത്വത്തിൽ ഇതിനകം 22 ഹോക് എയർക്രാഫ്റ്റുകൾ വികസിപ്പിച്ചിട്ടുണ്ട്. വിമാനത്തിന്റെ 70 ശതമാനത്തിലേറെ നിർമാണവും സ്വദേശി യുവാക്കൾ തന്നെയാണ് പൂർത്തിയാക്കിയതെന്നതാണ് ശ്രദ്ധേയം. സംയോജിപ്പിച്ചതിന് ശേഷം വിമാനത്തിന്റെ ശേഷി പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. അനാഛാദനവേളയിൽ കിരീടാവകാശി വയർലെസ് ഫോണിലൂടെ അനുവാദം നൽകിയതോടെ ഹോക് ജെറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നു. 'അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ അനുഗ്രഹത്താൽ, വിശുദ്ധ ഭൂമിക്ക് മുകളിലേക്ക് കുതിക്കുക' എന്നായിരുന്നു കിരീടാവകാശി പൈലറ്റിന് നൽകിയ നിർദേശം. ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് പുതിയ വിമാനത്തിൽ കിരീടാവകാശി ഒപ്പുവെക്കുകയും ചെയ്തു.
പ്രതിരോധ, സുരക്ഷാ വ്യോമയാന മേഖലയിലെ ലോകപ്രശസ്ത മൾട്ടിനാഷണൽ കമ്പനിയായ ബി.എ.ഇ സിസ്റ്റംസിന്റെ സഹകരണത്തോടെ സൗദി ബ്രിട്ടീഷ് ഡിഫൻസ് കോഓപറേഷൻ പ്രോഗ്രാം ആണ് 25 ഓളം സ്വദേശി കമ്പനികളിലെ സ്വദേശി യുവാക്കളുടെ പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ദേശീയ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സൈനിക, യുദ്ധ സാമഗ്രികൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതിന് വിഷൻ 2030 വിഭാവന ചെയ്യുന്നുണ്ട്. ഇതിന്റെ സാക്ഷാത്കാരമെന്നോണമാണ് ഇന്നലെ വ്യോമയാന രംഗത്ത് പുത്തൻ അധ്യായം തുന്നിച്ചേർത്ത ഹോക് ജെറ്റ് എയർക്രാഫ്റ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതിന് പുറമെ, ബൃഹത്തായ കൃത്രിമോപഗ്രഹ, ആണവോർജ പദ്ധതികൾ നടപ്പിലാക്കുന്നതിനും വിഷൻ 2030 ലക്ഷ്യമിടുന്നു.