ജിദ്ദ- വൻതോതിൽ ലഹരി ഗുളികകൾ വിതരണം ചെയ്ത യെമൻ വംശജനും ഹെറോയ്ൻ കടത്തിയ കേസിൽ പിടിയിലായ പാക്കിസ്ഥാനിക്കും വധശിക്ഷ നടപ്പിലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊക്കെയ്ൻ കടത്തുന്നതിനിടെ പിടിയിലായ നൈജീരിയൻ വംശജയാണ് വധശിക്ഷക്ക് വിധേയായ മറ്റൊരാൾ. ജിദ്ദയിലാണ് മൂന്നു പേരുടെയും വധശിക്ഷ നടപ്പിലാക്കിയത്. ആംഫിറ്റാമിൻ ഇനത്തിലുള്ള ലഹരി ഗുളികകൾ വിതരണം ചെയ്ത് മൂന്നാം തവണയും പിടിയിലായതിനാണ് സ്വാലിഹ് ഹുസൈൻ അൽയാഫിഇക്ക് വധശിക്ഷ നടപ്പിലാക്കിയത്. സൗദിയിലേക്ക് നിരോധിത മയക്കുമരുന്നായ ഹെറോയ്ൻ കടത്തിയ കേസിൽ അറസ്റ്റിലായ ഷബീർ ഹുസൈൻ താരിഖ് ആണ് വധശിക്ഷക്ക് വിധേയനായ പാക്കിസ്ഥാൻ വംശജൻ. വൻതോതിൽ കൊക്കെയ്ൻ ഗുളിക ശേഖരം കടത്തുന്നതിനിടെ പിടിയിലായ കുദിറാത്ത് എഡ്വിസെല എന്ന നൈജീരിയൻ വനിതയുടെ വധശിക്ഷയും ഇന്നലെ നടപ്പിലാക്കിയിരുന്നു.
നിഷേധിക്കാനാവാത്ത വിധം കുറ്റം സ്ഥിരീകരിക്കപ്പെട്ടതിന് തുടർന്ന് ജനറൽ കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.