റിയാദ്- സ്വകാര്യമേഖലയിലേക്ക് കൂടുതൽ സ്വദേശി വനിതകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയ ഗതാഗത സേവന പദ്ധതി (വുസൂൽ)യും നഴ്‌സറി സേവനവും (ഖുർറത്ത്) 22,556 പേർ പ്രയോജനപ്പെടുത്തിയതായി കണക്ക്. മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി വികസന നിധി (ഹദഫ്) ആണ് ഇരുപദ്ധതികളും നടപ്പിലാക്കുന്നത്.
പ്രാബല്യത്തിലായത് മുതൽ ഇന്നലെ വരെയാണ് ഇത്രയും സ്ത്രീകൾ രണ്ട് പദ്ധതികളും പ്രയോജനപ്പെടുത്തിയത്. ജോലിക്ക് പോകുന്ന സ്ത്രീകളുടെ കൈക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 178 നഴ്‌സറികളാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.
സ്വകാര്യമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് കൂടുതൽ സ്ത്രീകൾ കടന്നുവരാൻ വുസൂൽ, ഖുർറത്ത് പദ്ധതികൾ പ്രേരകമായിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വീട്ടിൽ നിന്ന് തൊഴിലിടങ്ങളിലേക്കും തിരിച്ചും സ്ത്രീകളെ എത്തിക്കുന്നതിനായി ആവിഷ്‌കരിച്ച വുസൂൽ പദ്ധതി തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമായെന്നും അഭിപ്രായമുണ്ട്. തൊഴിൽ സമ്മർദ്ദങ്ങൾ കുറക്കുന്നതിനും സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതിനും ഇതു വഴിവെച്ചു. സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ മുഖേന അംഗീകൃത കമ്പനികളുടെ സഹകരണത്തോടെയാണ് വുസൂൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹദഫ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വുസൂൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനമാണ് ഹദഫ് വഹിക്കുക. യാത്രാ ബത്ത പ്രതിമാസം 800 റിയാൽ കവിയരുതെന്നും വ്യവസ്ഥയുണ്ട്.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി (ഗോസി)ൽ രജിസ്റ്റർ ചെയ്ത് 36 മാസം കവിയാത്ത, 8000 റിയാലിൽ താഴെ വേതനം പറ്റുന്ന സൗദി വനിതകൾക്കാണ് വുസൂൽ പദ്ധതിയിൽ വരി ചേരാൻ സാധിക്കുക. വുസൂൽ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന് http://wusool.sa, നഴ്‌സറി സേവനത്തിന് അപേക്ഷിക്കുന്നതിന് www.qurrah.sa എന്നിങ്ങനെ പ്രത്യേകം വെബ് പോർട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹദഫ് വ്യക്തമാക്കി. ഒരു വയസ് പ്രായമുള്ള കുഞ്ഞിന് 800 റിയാൽ, രണ്ട് വയസ്സുള്ള കുഞ്ഞിന് 600, മൂന്ന് വയസ്സുള്ള കുഞ്ഞിന് 500, നാല് വയസ്സുള്ള കുട്ടിക്ക് 400 എന്നിങ്ങനെയാണ് പ്രതിമാസം ഖുർറത്ത് പദ്ധതിക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതെന്നും ഹദഫ് വൃത്തങ്ങൾ അറിയിച്ചു.