Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രാൻസ്‌ജെൻഡർ യുവതി കോഴിക്കോട്ട് കൊല്ലപ്പെട്ട നിലയിൽ

കോഴിക്കോട്- നഗരത്തിൽ  ട്രാൻസ്‌ജെൻഡർ യുവതിയെ ദുരൂഹസാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തി. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപം യു.കെ.എസ് റോഡിലെ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ആലക്കോട് സ്വദേശി ശാലുവാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്നലെ  പുലർച്ചെ പത്ര വിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്.  അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. കഴുത്തിൽ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയിലാണ് മൃതദേഹമുള്ളത്. ശരീരത്തിൽ പോറലേറ്റ അടയാളങ്ങളുണ്ട്. മരിച്ച ആൾക്ക് 35 വയസ്സിനടുത്ത് പ്രായം വരും. മൈസൂർ സ്വദേശിയായ ഇവർ മലപ്പുറത്തെ കുറ്റിപ്പുറത്ത് താമസിച്ചു വരികയായിരുന്നുവെന്നാണ് വിവരം.  കഴിഞ്ഞ ദിവസമാണ് ശാലു ഷൊർണ്ണൂർ നിന്നും കോഴിക്കോട്ടേക്ക് വന്നതെന്നാണ്  വിവരം. കോഴിക്കോട്ടെത്തിയ ഇവർ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിന്നിരുന്നതായി കണ്ടവരുണ്ട്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ശാലു തന്നെ വിളിച്ചിരുന്നതായും ഇവരെ  ആരോ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായും  ആക്ടിവിസ്റ്റ് സിസിലി പൊലീസിനോട് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷ്ണർ എ.വി ജോർജ്ജ് സ്ഥലം സന്ദർശിച്ചു.  വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. മൃതദേഹം കണ്ടപോലീസ് എത്തി മണിക്കൂറുകൾ കഴിഞ്ഞാണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയതെന്ന ആക്ഷേപവുമുണ്ട്.
 

Latest News