Sorry, you need to enable JavaScript to visit this website.

ജനമുന്നേറ്റത്തിന് വിഘാതമായ നിലപാടുകൾ 

രാജ്യത്തെ സുപ്രധാനമായ തെരഞ്ഞെടുപ്പിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന നിർണായകമായ രാഷ്ട്രീയ ദൗത്യം നിർവഹിക്കപ്പെടേണ്ട തെരഞ്ഞെടുപ്പാണിത്. 
പ്രസ്തുത രാഷ്ട്രീയ ലക്ഷ്യം ഏറ്റവും ആദ്യവും സമൂർത്തമായും ഇന്ത്യൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ട സമയമാണിത്. അതിനനുസരിച്ച്
ജനാധിപത്യ– മതേതര ഇടത് ശക്തികളുടെ കൂട്ടായ്മ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  
2014 ൽ അധികാരത്തിലെത്തിയ ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ഫാസിസത്തിന്റേതാണെന്നും അതിനെതിരെ വിശാല സമരവേദി വളർന്നുവരേണ്ടതുണ്ടെന്നുമാണ് ജനാധിപത്യകക്ഷികളുടെ വിലയിരുത്തൽ.
കേവലമായ അധികാര കൈമാറ്റത്തിനപ്പുറം നയപരമായ മാറ്റങ്ങൾ കൂടി സാധ്യമാക്കുന്ന ഭരണമാണ് സാധ്യമാക്കേണ്ടതെന്ന നിലപാടിനാണ് മുൻതൂക്കം നൽകേണ്ടത്. ഇക്കാര്യം കോൺഗ്രസുകാർ മറന്നുപോകുന്നുണ്ടോ എന്നതാണ് അവരുടെ സമീപകാല ചെയ്തികൾ തെളിയിക്കുന്നത്. പുരോഗമന നിലപാടുകൾ സ്വീകരിക്കുന്നവർക്ക് നിർണായക പങ്കാളിത്തമുള്ള ലോക്‌സഭയുണ്ടാകണമെന്ന കാഴ്ചപ്പാടിനും പൊതുസ്വീകാര്യതയുണ്ടായിട്ടുണ്ടെങ്കിലും അധികാരമോഹവും വൻപാർട്ടി മേധാവിത്തവും കോൺഗ്രസിനെ മുഖ്യധാരാ മുന്നേറ്റത്തിന്റെ നേതൃനിരയിൽ നിന്ന് പിന്നിലേക്ക് തള്ളിയിരിക്കുന്നു. ഒരു പക്ഷേ മമതാബാനർജി രാഹുലിനെ കുട്ടി എന്ന് വിളിച്ച് ന്യൂനീകരിക്കാൻ കാണിച്ച ചങ്കൂറ്റം കോൺഗ്രസുകാർ വടി കൊടുത്ത് അടി വാങ്ങിയത് പോലെയായി.
ബി.ജെ.പിയുടെ ജനവിരുദ്ധമായ സാമ്പത്തിക സാമൂഹ്യ നയങ്ങൾക്കും മതേതരത്വവും ഭരണ ഘടനാമൂല്യങ്ങളും തകർക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യുന്ന സമീപനങ്ങൾക്കുമെതിരെ യോജിച്ച സമരവേദി കെട്ടിപ്പടുക്കുന്നതിനാണ് കോൺഗ്രസ് പാർട്ടിയും മറ്റിടത്ത് ഇടതുപക്ഷ സോഷ്യലിസ്റ്റ് കക്ഷികളും പരിശ്രമിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങൾ വളർന്നുവന്നതിന്റെ പശ്ചാത്തലത്തിൽക്കൂടി വേണം വോട്ടർമാരെ സമീപിക്കാൻ. സംയുക്ത തൊഴിലാളി സമരങ്ങളും ദേശീയ പണിമുടക്കുകളും സംയുക്ത കർഷക പ്രക്ഷോഭങ്ങളും യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ യോജിച്ച സമരങ്ങളും അതിന്റെ ഭാഗമായി രാജ്യത്തുണ്ടായിയെങ്കിലും സങ്കുചിത കാഴ്ചപ്പാട് ഈ ഐക്യത്തെ തുരങ്കം വെക്കുന്നതും തീർച്ചയായും അത് ബാലറ്റിൽ പ്രതിഫലിക്കുകയും ചെയ്യുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. 
കർഷകർ സ്വയം സംഘടിച്ച് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രംഗത്തിറങ്ങി. സ്വതന്ത്ര സംഘടനകളുടെയും സാമൂഹ്യ – എൻ.ജി.ഒ സംഘടനകളുടെയും നേതൃത്വത്തിലുള്ള സമരങ്ങളും രാജ്യത്തുണ്ടായി.  അതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ തെരഞ്ഞെടുപ്പ് വേളയിൽ സംഭവിക്കേണ്ടിയിരുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള സഖ്യങ്ങളും ധാരണകളുമുണ്ടാവുകയെന്നതായിരുന്നു. 
ദേശീയതലത്തിലുള്ള സഖ്യം സാധ്യമല്ലെന്നും അതാത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപം കൊള്ളേണ്ടതാണെന്നുമായിരുന്നു അത്.
എന്നാൽ നിർണായകമായ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് വായിക്കാൻ പല പ്രതിപക്ഷ പാർട്ടികളും സന്നദ്ധമായില്ലെന്നാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.
ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ സമാനമനസ്‌കരായ മറ്റുകക്ഷികളുമായി സീറ്റുകളുടെ കാര്യത്തിൽ നീക്കുപോക്ക് നടത്താനും വിട്ടുവീഴ്ച ചെയ്യാനും പല പാർട്ടികളും തയ്യാറായില്ല. പ്രധാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ വീഴ്ചകൾ സംഭവിച്ചതായി കാണാം.
ഇപ്പോഴത്തെ സുപ്രധാന രാഷ്ട്രീയ സാഹചര്യത്തിൽ നിർണായക പങ്കുവഹിക്കേണ്ട കോൺഗ്രസ് പോലും സങ്കുചിതമായ പ്രാദേശിക താൽപര്യങ്ങളും നിക്ഷിപ്തതാൽപര്യങ്ങളും ഉപേക്ഷിക്കാൻ തയ്യാറായില്ല. 
മോഡി ഭരണത്തിനെതിരെ എല്ലാ കക്ഷികളെയും കൂട്ടിയോജിപ്പിക്കുന്നതിനുള്ള മുൻകൈ ചില പാർട്ടികളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നു മാത്രമല്ല അമിതമായ ആത്മവിശ്വാസത്തോടെയുള്ള നിലപാടുകൾ പല സംസ്ഥാനങ്ങളിലും സഖ്യചർച്ചകൾ പോലും അസാധ്യമാക്കി. ചർച്ചകൾ നടന്നിടത്താകട്ടെ യാഥാർഥ്യബോധമില്ലാത്ത അവകാശവാദങ്ങളും മറ്റു പാർട്ടികളുടെ വലിപ്പച്ചെറുപ്പങ്ങൾ അംഗീകരിക്കാതെയുള്ള സമീപനങ്ങളും കാരണം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ യുദ്ധത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണെന്ന് മാത്രമല്ല പ്രതികൂല സാഹചര്യവുമാണുണ്ടായിരിക്കുന്നത്. ഇനിയും പ്രതീക്ഷകൾ അസ്ഥാനത്തല്ല. 
മുൻകാല അനുഭവങ്ങൾ പരിശോധിച്ചാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണകളുടെയും പൊതുപരിപാടികളുടെയും അടിസ്ഥാനത്തിലുള്ള സഖ്യത്തിന് അധികാരത്തിലെത്താനുള്ള സാഹചര്യങ്ങൾ തന്നെയാണ് രാജ്യത്ത് നിലവിലുള്ളത് എന്ന കാര്യത്തിൽ സംശയമില്ല.

Latest News