അങ്ങനെ ഏറെ ദിവസമായി കാത്തിരുന്ന, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്ന പ്രഖ്യാപനം വന്നു. സ്വാഭാവികമായും യു.ഡി.എഫ് ആഹ്ലാദത്തിമർപ്പിലാണ്. എൽ.ഡി.എഫ് ആശങ്കയിലും. എൻ.ഡി.എയാകട്ടെ ഈ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. വരുന്ന രണ്ടുമൂന്നുദിവസങ്ങൾ ഇക്കാര്യത്തിൽ വളരെ നിർണ്ണായകമാകുമെന്നുറപ്പ്.
എന്തൊക്കെ ന്യായീകരണമുണ്ടാകാമെങ്കിലും ഈ തീരുമാനം രാഷ്ട്രീയമായി ശരിയാണെന്നു പറയാനാകില്ല. പിണറായി വിജയൻ സൂചിപ്പിച്ച പോലെ ഈ തീരുമാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസന്ദേശം സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ തെറ്റുതന്നെയാണ്. പോയവാരത്തിലെ ചർച്ചകളിൽ പലരുമത് ചൂണ്ടികാണിച്ചതാണ്. തീർച്ചയായും ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയിലും മത്സരിക്കുക എന്ന രാഹുലിന്റെ തീരുമാനം ശരിയാണ്. ദക്ഷിണേന്ത്യയിലെ പ്രവർത്തകർക്ക് അത് നൽകുന്ന ആവേശം ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ദക്ഷിണേന്ത്യയിലെ മൂന്നു പ്രധാന സംസ്ഥാനങ്ങളുടെ സംഗമസ്ഥലമാണ് വയനാടെന്ന വാദവും അംഗീകരിക്കാം. നരേന്ദ്രമോഡിയുടെ അഞ്ചു വർഷങ്ങൾ ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയിൽ ഒരു വിടവുണ്ടാക്കിയെന്നും അതിനിടയിലെ ഒരു സ്‌നേഹപാലമാണ് രാഹുൽ എന്ന ഹൈക്കമാന്റിന്റെ വാദവും ഒരു പരിധി വരെ ശരിയാണ്. ഒരു പരിധി വരെ എന്നു പറയാൻ കാരണമുണ്ട്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ നിലവിലെ വിടവ് മോഡിയുടെ സൃഷ്ടിയല്ല.
അത് ചരിത്രപരമാണ്. ചരിത്രപരമായി തന്നെ നിരവധി വൈവിധ്യങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വൈവിധ്യമാണ് ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിൽ നിലനിൽക്കുന്നത്. അതു കൃത്രിമമായി ഇല്ലാതാക്കാൻ സാധ്യമല്ല. അങ്ങനെ ഇല്ലാതാക്കേണ്ടതുമല്ല. അതേസമയം മോഡി ഈ വിടവിനെ രൂക്ഷമാക്കി എന്നതു ശരിയാണ്. തങ്ങൾക്ക് ഏറെക്കുറെ അപ്രാപ്യമായ ദക്ഷിണേന്ത്യയോട് മോഡി സർക്കാരിന്റേത് പൊതുവിൽ നിഷേധാത്മക സമീപനം തന്നെയായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ഭാവി തീരുമാനിച്ചിരുന്നത് പൊതുവിൽ ഉത്തരേന്ത്യൻ കോർപ്പറേറ്റുകളായിരുന്നെങ്കിൽ ഇപ്പോളതിന്റെ ശക്തികൂടിയിരിക്കുന്നു. കോർപ്പറേറ്റുകൾക്കാപ്പം ഉത്തരേന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയ പ്രസഥാനവുമായി അത് ഉറ്റ ചങ്ങാത്തത്തിലാണ്. ഈ സാഹചര്യത്തിൽ ഈ വിടവിനെ ഇല്ലാതാക്കാനാണ് രാഹുൽ മത്സരിക്കുന്നതെന്നും അത് ദേശീയ ഉദ്ഗ്രഥനത്തെ സഹായിക്കുമെന്നും തീർച്ചയായും കോൺഗ്രസ്സിനു വാദിക്കാം. തെരഞ്ഞെടുപ്പുവേളയിൽ അതൊരു പരിധിവരെ സ്വീകരിക്കപ്പെടുകയും ചെയ്യും.
കാര്യങ്ങൾ ഇങ്ങനെയായാലും രാഹുൽ മത്സരിക്കേണ്ടത് ദക്ഷിണേന്ത്യയിൽ കർണാടകത്തിലായിരുന്നു എന്ന വാദം പ്രസക്തം തന്നെയാണ്. കേരളമടക്കം മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ അല്ലാത്തിടത്തോളം രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ രാഷ്ട്രീയമായ ശരി കാണാൻ എളുപ്പമല്ല. വയനാട്ടിൽ രാഹുലിന്റെ പ്രധാന എതിരാളി സി.പി.ഐ ആണെന്നോർക്കണം. സിപിഐക്കാരനോട് മത്സരിച്ചാണോ ദക്ഷിണേന്ത്യയിൽനിന്ന് രാഹുൽ ലോക്‌സഭയിലെത്തേണ്ടത്? തീർച്ചയായും അല്ല, അത് ബി.ജെ.പിക്കാരനോട് മത്സരിച്ചാകണമായിരുന്നു. കർണാടകത്തിൽ അതിനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്. ഈ വിഷയം സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നുറപ്പ്.
കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്ന സിപിഎം തൊട്ടടുത്ത സംസ്ഥാനത്ത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാമെന്നു പറഞ്ഞു വോട്ടുചോദിക്കുന്നില്ലേ എന്ന വിശദീകരണം ഇക്കാര്യത്തിൽ അപര്യാപ്തമാണ്. അതുപോലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ സഖ്യങ്ങളാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പിനുശേഷം അതെല്ലാം മറന്ന് എൻഡിഎക്കെതിരെ വിശാല ഐക്യമുണ്ടാകുമെന്നുമുള്ള വിശദീകരണവും ഇതിനുപോര. കാരണം മത്സരിക്കുന്നത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് എന്നതുതന്നെ. അതുകൊണ്ടാണല്ലോ അമേഠിയിൽ എസ് പിയും ബി എസ് പിയും സ്ഥാനാർത്ഥിയെ നിർത്താത്തത്. എന്നാൽ കേരളത്തിൽ എൽഡിഎഫ് നിർത്തരുത് എന്നു പറയുന്നതും ന്യായമല്ല. കാരണം അങ്ങനെ ചെയ്താൽ അതു ഗുണകരമാകുക ഇപ്പോൾ മൂന്നാം സ്ഥാനം മാത്രമുള്ള ബിജെപിക്കാകുമെന്നതുതന്നെ.
പുതിയ സാഹചര്യത്തെ മറികടക്കാൻ തന്ത്രപൂർവ്വമായ ശ്രമങ്ങൾ ബിജെപിയിൽ നിന്നുണ്ടാകുമെന്നുറപ്പ്. ഒരുപക്ഷെ അഖിലേന്ത്യാതലത്തിലുള്ള ഒരു സ്ഥാനാർത്ഥിയെ തന്നെ അവർ കൊണ്ടുവരാം. അമേത്തിയിൽനിന്ന് ഭയപ്പെട്ടാണ് രാഹുൽ വയനാട്ടിലെത്തിയെതെന്ന പ്രചാരണം ശക്തമാകാം. അതിനെ നേരിടാൻ പ്രിയങ്ക, മോഡിക്കെതിരെ മത്സരിക്കുന്ന വാർത്തയും വരുന്നുണ്ട്.
മോഡിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കാം. എന്തായാലും കേരളത്തിലെ മാത്രമല്ല, അഖിലേന്ത്യാതലത്തിൽതന്നെ രാഷ്ട്രീയരംഗത്തെ ഏറെ സജീവമാക്കാൻ ഈ സ്ഥാനാർത്ഥിത്വം സഹായകമാകുമെന്നുറപ്പ്.