Sorry, you need to enable JavaScript to visit this website.

ഗോലാൻ കുന്നുകൾ:  വിട്ടുവീഴ്ചയില്ല -സൽമാൻ രാജാവ് 

തൂനിസ് - ഗോലാൻ കുന്നുകൾക്കു മേലുള്ള സിറിയയുടെ പരമാധികാരത്തെ തൊട്ടുകളിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. മുപ്പതാമത് അറബ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജാവ്. ഗോലാൻ കുന്നുകൾക്കു മേലുള്ള സിറിയയുടെ പരമാധികാരത്തിന് കോട്ടം തട്ടിക്കുന്ന ഒരു നടപടികളും അംഗീകരിക്കില്ല. ഒന്നാമത് ജനീവ സമാധാന സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും യു.എൻ രക്ഷാസമിതി 2254 ാം നമ്പർ പ്രമേയത്തിനും അനുസൃതമായി, സിറിയയുടെ സുരക്ഷയും സമാധാനവും അഖണ്ഡതയും പരമാധികാരവും ഉറപ്പു വരുത്തുകയും വിദേശ ഇടപെടലുകൾ വിലക്കുകയും ചെയ്യുന്ന നിലക്ക് സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് പ്രധാനമാണ്. 
യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി, 1967 ലെ അതിർത്തിയിൽ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ അടക്കം നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും ഫലസ്തീനികൾക്ക് ലഭിക്കുന്നതു വരെ ഫലസ്തീൻ പ്രശ്‌നം സൗദി അറേബ്യ ഏറ്റവുമധികം ശ്രദ്ധ നൽകുന്ന പ്രശ്‌നമായി തുടരും. യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും ഗൾഫ് സമാധാന പദ്ധതിക്കും യു.എൻ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് ഐക്യരാഷ്ട്ര സംഘടന നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. യെമൻ ജനതയുടെ ദുരിതത്തിന് കാരണമാവുകയും മേഖലയുടെ സുരക്ഷാ ഭദ്രതക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഹൂത്തികളെ നിർബന്ധിക്കണം. യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് ജീവകാരുണ്യ, വികസന പദ്ധതികൾ നടപ്പാക്കുന്നത് സൗദി അറേബ്യ തുടരും. 
ലിബിയയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കപ്പെടണം. ലിബിയയിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനും ലിബിയക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും സഹായിക്കുന്ന നിലക്ക് ലിബിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായും സൽമാൻ രാജാവ് പറഞ്ഞു. തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾക്ക് സൗദി അറേബ്യ പിന്തുണ നൽകുന്നു. ന്യൂസിലാന്റിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണങ്ങൾ ഭീകരതക്ക് ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ രാജ്യവുമായോ ബന്ധമില്ലെന്ന കാര്യമാണ് വ്യക്തമാക്കുന്നത്. ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം മുഴുവൻ അന്താരാഷ്ട്ര ചാർട്ടറുകൾക്കും അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണ്. ഇറാന്റെ ഈ രാഷ്ട്രീയം ചെറുക്കുന്നതിനും ലോകത്ത് ഭീകരതക്കുള്ള ഇറാൻ പിന്തുണ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു. 

 

Latest News