തായിഫ് - പ്രവാചകൻ മുഹമ്മദ് നബി (സ) യെ മുലയൂട്ടി വളർത്തിയ ഹലീമ അൽസഅദിയയുടെ പേരിൽ മൈസാനിലെ ബനീ സഅദിൽ മസ്ജിദ് നിർമിക്കുന്നതിന് ഇസ്‌ലാമികകാര്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തായിഫ് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖക്കു കീഴിലെ പദ്ധതി, മെയിന്റനൻസ് വിഭാഗം മേധാവി അയച്ച കത്തിനു മറുപടിയായാണ് ബനീ സഅദിൽ ഹലീമ അൽസഅദിയയുടെ പേരിൽ മസ്ജിദ് നിർമിക്കുന്നതിന് മന്ത്രാലയം നിർദേശം നൽകിയത്. മുമ്പ് ഇവിടെ മസ്ജിദുണ്ടായിരുന്നു. എന്നാൽ ഇത് തായിഫ് മസ്ജിദ് കാര്യ വിഭാഗം നിഷേധിച്ചിരുന്നു. ഹലീമ അൽസഅദിയയുടെ പേരിലുള്ള ഒരു പുരാവസ്തുവും തായിഫിലില്ലെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പും വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണവും പഠനവും നടത്തി ഹലീമ അൽസഅദിയയുടെ വീട് നിന്ന പ്രദേശം തന്നെയാണെന്ന് ഉറപ്പു വരുത്തിയാണ് ഇപ്പോൾ ഇവിടെ മസ്ജിദ് നിർമിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.