റിയാദ് - സൗദിയിൽ തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തത്തിൽ എട്ടു ശതമാനം വളർച്ചയുണ്ടായതായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വ്യക്തമാക്കി. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 22.3 ശതമാനമായി ഉയർന്നിട്ടുണ്ട്. 1990 ൽ വനിതാ പങ്കാളിത്തം 14.1 ശതമാനമായിരുന്നു. 1995 ൽ വനിതാ പങ്കാളിത്തം 14.87 ശതമാനമായും രണ്ടായിരാമാണ്ടിൽ വനിതാ പങ്കാളിത്തം 16.09 ശതമാനമായും 2005 ൽ 17.66 ശതമാനമായും 2010 ൽ 18.22 ശതമാനമായും 2015 ൽ 22.07 ശതമാനമായും ഉയർന്നു. 2030 ഓടെ തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തം 30 ശതമാനമായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. വിദേശികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള സൗദിവൽക്കരണ ശ്രമങ്ങളിൽ പ്രധാന ഘടകമാണ് വനിതകൾ.
1970 മുതലാണ് സൗദിയിൽ വനിതകൾ യൂനിവേഴ്‌സിറ്റികളിൽ പോകാൻ തുടങ്ങിയത്. പതിനഞ്ചു വർഷത്തിനിടെ സൗദിയിൽ വനിതകൾക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ ശ്രദ്ധേയമായ നിലക്ക് വർധിച്ചിട്ടുണ്ട്.
വിദേശങ്ങളിൽ ഉപരിപഠനം നടത്തുന്നതിന് സർക്കാർ സ്‌കോളർഷിപ്പോടെ വിദ്യാർഥികളെ അയക്കുന്ന പദ്ധതിക്ക് 2005 ൽ രാജ്യം തുടക്കമിട്ടു. നിലവിൽ പതിനായിരക്കണക്കിന് സൗദി വിദ്യാർഥിനികളാണ് അമേരിക്കയിലേക്കും കാനഡയിലേക്കും ബ്രിട്ടനിലേക്കും മറ്റു രാജ്യങ്ങളിലേക്കും സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനത്തിന് ഓരോ വർഷവും പോകുന്നത്.
2010 ൽ രാജ്യത്ത് ആദ്യമായി വനിതകൾക്ക് മാത്രമായി യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. റിയാദിലെ പ്രിൻസസ് നൂറ സർവകലാശാലയിൽ 60,000 വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വനിതാ യൂനിവേഴ്‌സിറ്റിയാണിത്. 2015 ൽ രാജ്യത്തെ യൂനിവേഴ്‌സിറ്റികളിൽ വിദ്യാർഥിനികളുടെ എണ്ണം വിദ്യാർഥികളുടെ എണ്ണത്തെ മറികടന്നു. നിലവിൽ രാജ്യത്തെ യൂനിവേഴ്‌സിറ്റികളിൽ 52 ശതമാനം വിദ്യാർഥിനികളാണ്.