Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ, തുർക്കി ഇടപെടലുകൾ സംഘർഷങ്ങൾ  കൂടുതൽ സങ്കീർണമാക്കി -അബുൽഗെയ്ത്

തൂനിസ് - ഇറാൻ, തുർക്കി ഇടപെടലുകൾ ചില അറബ് രാജ്യങ്ങളിലെ സംഘർഷങ്ങൾ കൂടുതൽ സങ്കീർണമാക്കിയതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത് പറഞ്ഞു. ചില രാജ്യങ്ങൾ ഇപ്പോഴും രക്തച്ചൊരിച്ചിലിന്റെ പിടിയിലാണ്. സിറിയയിലും യെമനിലും ലിബിയയിലും ജനങ്ങൾ സംഘർഷത്തിന്റെയും ഭവന രഹിതരായതിന്റെയും കയ്‌പേറിയ യാതനകൾ അനുഭവിക്കുന്നു. ഈ രാജ്യങ്ങളിലെ ജനങ്ങൾ മിലീഷ്യകളുടെയും ഭീകര സംഘങ്ങളുടെയും വിഭാഗീയ ഗ്രൂപ്പുകളുടെയും ഭീഷണിയിലാണ് കഴിയുന്നത്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിനും രാഷ്ട്രീയ പരിഹാരം മാത്രമാണ് പോംവഴി. ആഭ്യന്തര യുദ്ധങ്ങളിൽ വിജയികളില്ല. എല്ലാവരും പരാജിതർ മാത്രമാണ്. 
ഭീകരതയും ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങൾക്ക് പുറത്തുള്ള സായുധ ഗ്രൂപ്പുകളുടെ വ്യാപനവും വിദേശ ശക്തികളുടെ ഇടപെടലുകളും അറബ് രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ്. ചില പ്രാദേശിക ശക്തികൾ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു. ഏഴു ദശകമായി തുടരുന്ന ഇസ്രായിൽ അധിനിവേശം മറ്റൊരു പ്രധാന ഭീഷണിയാണ്. അറബ് രാജ്യങ്ങൾ ഒരുമിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യതയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. അറബ് രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കേണ്ടതാണ് ഏറ്റവും വലിയ പ്രശ്‌നം. 
അറബ് രാജ്യങ്ങൾ മുഴുവൻ നേരിടുന്നത് ഒരേ വെല്ലുവിളികളാണ്. അറബ് ദേശീയ സുരക്ഷ സംഘടിതമായി സംരക്ഷിക്കുന്നതിനെ കുറിച്ച ബോധം എക്കാലത്തേക്കാൾ കൂടുതൽ ശക്തമാകേണ്ട കാലമാണിത്. അറബ് രാജ്യങ്ങളുടെ കാര്യങ്ങളിലുള്ള വിദേശ ഇടപെടലുകൾ ചെറുക്കുന്നതിന് അറബ് രാജ്യങ്ങൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കണം. ചില അറബ് രാജ്യങ്ങളിൽ ഇറാനും തുർക്കിയും നടത്തുന്ന ഇടപെടലുകൾ സംഘർഷങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും അറ്റമില്ലാതെ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഗൂഢലക്ഷ്യങ്ങളോടെയുള്ള ഇത്തരം ഇടപെടലുകൾ അംഗീകരിക്കില്ല. സംഘർഷങ്ങൾ ഒരിക്കൽ ഇല്ലാതാകും. എന്നാൽ അറബ് രാജ്യങ്ങളുടെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ല. 
ഗോലാൻ കുന്നുകളുടെ മേലുള്ള ഇസ്രായിൽ പരമാധികാരം അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രഖ്യാപനം മുഴുവൻ അന്താരാഷ്ട്ര നിയമങ്ങൾക്കും ആഗോള വ്യവസ്ഥിതിയുടെ അടിസ്ഥാനങ്ങൾക്കും വിരുദ്ധമാണ്. ഗോലാൻ കുന്നുകളിലെ ഇസ്രായിൽ അധിനിവേശത്തിന് നിയമ സാധുത നൽകുകയാണ് അമേരിക്കൻ പ്രഖ്യാപനം ചെയ്യുന്നത്. ഫലസ്തീനികളെ ശ്വാസം മുട്ടിക്കുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തുടരുന്നതിന് അമേരിക്കൻ നിലപാടുകൾ ഇസ്രായിലിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു. 
അതേസമയം, അഹ്മദ് അബുൽഗെയ്ത് പ്രകടിപ്പിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഉച്ചകോടിയിൽ പ്രസംഗിക്കാതെ സ്വദേശത്തേക്ക് മടങ്ങി. തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സിയുടെ പ്രസംഗം പൂർത്തിയായി അറബ് ലീഗ് സെക്രട്ടറി ജനറൽ പ്രസംഗിക്കുന്നതിനിടെ ഖത്തർ അമീർ ഇറങ്ങിപ്പോവുകയായിരുന്നു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിന് ചില അറബ് പോക്കറ്റുകൾ തുർക്കി രൂപീകരിക്കുകയാണെന്നും അറബ് രാജ്യങ്ങളിൽ കുഴപ്പങ്ങളും സംഘർഷങ്ങളും കുത്തിപ്പൊക്കുന്നതിന് ഇറാനും തുർക്കിയും ശ്രമിക്കുകയാണെന്നുമുള്ള അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പരാമർശങ്ങളാണ് ഖത്തർ അമീറിനെ ചൊടിപ്പിച്ചതെന്ന് തുനീഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചകോടി നടക്കുന്ന ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഖത്തർ അമീർ തുനീഷ്യ വിടുന്നതിന് നേരെ ഖർതാജ് എയർപോർട്ടിലേക്ക് പോവുകയായിരുന്നു. 
 

Latest News