ദുബായ്- രാജ്യത്ത് കഴിയുന്ന വിദേശി തൊഴിലാളികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് സംബന്ധിച്ച പുതിയ നിയമത്തിന് യു.എ.ഇ അംഗീകാരം നല്‍കി. യു.എ.ഇ മന്ത്രിസഭയാണ് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തി തീരുമാനം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് കുടുംബത്തെ കൊണ്ടുവരാന്‍ പ്രവാസികള്‍ക്ക് നിശ്ചിത വരുമാനംകൂടി ആവശ്യമാണ്. നേരത്തെ പ്രൊഫഷന്‍ മാത്രം മതിയായിരുന്നു. രാജ്യാന്തര നിയമങ്ങളുടെ ചുവട് പിടിച്ചാണ് ഭേദഗതി.
ഇതോടെ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പ്രൊഫഷന്‍ ബാധകമല്ലാതെ കുടുംബത്തെ കൊണ്ടുവരാനാകും. മികച്ച വരുമാനമുള്ളത് ആയാസരഹിതമായ കുടുംബജീവിതത്തിനും തുണയാകുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ കുടുംബ ജീവിതം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാവുമെന്ന് മാനവശേഷി മന്ത്രി നാസര്‍ ബിന്‍ ഥാനി അല്‍ ഹംലി പറഞ്ഞു. തൊഴില്‍ വിപണിയില്‍ ഇതിന് ക്രിയാത്മക ഫലം ഉണ്ടാകും. ഉല്‍പാദനക്ഷമത കൂടും. ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരും. തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടും. സാമൂഹികമായി കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകും- മന്ത്രി ചൂണ്ടിക്കാട്ടി.
യു.എ.ഇയില്‍ ഇരുന്നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ ജീവിക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് അടുത്തുള്ള ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.