ജിദ്ദ- നാട്ടില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തി മടങ്ങാനിരിക്കെ അബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശിനി മൂന്ന് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഡിസംബര്‍ 31 ന് ബോര്‍ഡിംഗ് പാസ്സെടുത്ത് വിമാനത്തില്‍ കയറാന്‍ ഒരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സുബൈദ ബീവിയാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. രോഗബാധിതയായ സുബൈദ ബീവിയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബവാദി ഏരിയ പ്രതിനിധികളായ നാഫി, മജീദ്, ഷമീര്‍ എന്നിവര്‍ സമയോചിതമായി ഇടപെട്ടതാണ് ഇവര്‍ക്ക് തുണയായത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം അസുഖം ഭേദമായെന്ന് ഉംറ ഏജന്‍സി വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും വീണ്ടും അസുഖം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് വീണ്ടും ഇവരെ ഇതേ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ചികിത്സ കഴിഞ്ഞു 15 ദിവസം പിന്നിട്ടിട്ടും നാട്ടില്‍ പോവാന്‍ കഴിയാതെ വന്നപ്പോള്‍ അബഹൂര്‍ സോഷ്യല്‍ ഫോറം പ്രതിനിധിയും ഹോസ്പിറ്റലിലെ നഴ്‌സ് എജ്യൂക്കേറ്റര്‍ കൂടിയായ അനീസ് മുഹമ്മദ് കരുനാഗപ്പള്ളിയുടെ പ്രത്യേക പരിചരണത്തില്‍ കഴിയുകയായിരുന്നു. ഉംറ ഏജന്‍സിയുമായി ബന്ധപ്പെട്ട് യാത്രാ രേഖകള്‍ ലഭ്യമായതോടെ കഴിഞ്ഞ ദിവസം സുബൈദ ബീവി നാട്ടിലേക്ക് തിരിച്ചു.