Sorry, you need to enable JavaScript to visit this website.

ഐ.എന്‍.എല്‍ വഴി മുസ്‌ലിം വിഭാഗങ്ങളെ ഇടതുമുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ നീക്കം

കോഴിക്കോട് - മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളെയും സ്വതന്ത്രരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഐ.എന്‍.എല്‍. കാല്‍നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് നാഷനല്‍ ലീഗിന് ഇടതുമുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിക്കുന്നത്.
ഒരു എം.എല്‍.എയുള്ള നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ ദിവസം ഐ.എന്‍.എല്ലില്‍ ലയിച്ചു. കൊടുവള്ളിയില്‍ സ്വാധീനമുള്ള അഡ്വ. പി.ടി.എ.റഹീം എം.എല്‍.എയുടെ പാര്‍ട്ടിയാണ് എന്‍.എസ്.സി. കൊടുവള്ളിയെ ഇപ്പോള്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന കാരാട്ട് റസാഖ് ഐ.എന്‍.എല്ലില്‍ ചേര്‍ന്നേക്കും. സി.പി.എം സ്വതന്ത്രനായ അദ്ദേഹത്തിന് പാര്‍ട്ടിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. മറ്റു സ്വതന്ത്ര എം.എല്‍.എമാരായ അബ്ദുറഹിമാന്‍ (താനൂര്‍), പി.വി.അന്‍വര്‍ (നിലമ്പൂര്‍), കെ.ടി.ജലീല്‍ (തവനൂര്‍) എന്നിവരുമായി നാഷനല്‍ ലീഗ് നേതൃത്വം ബന്ധപ്പെട്ടിരുന്നെങ്കിലും അവര്‍ സന്നദ്ധരല്ല.
അതേസമയം കാന്തപുരം വിഭാഗത്തിന്റെ മുസ്‌ലിം ജമാഅത്ത് കൗണ്‍സിലുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. കാന്തപുരം സുന്നി വിഭാഗം പൊതുവെ ഇടതുപക്ഷവുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണയ്ക്കുകയെന്നതായിരുന്നു മുന്‍രീതി. അതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് തന്നെ പിന്തുണയെന്ന സൂചന വന്നുകഴിഞ്ഞു.
ഹജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ മരുമകന്‍ സി. മുഹമ്മദ് ഫൈസിക്ക് നല്‍കുക മാത്രമല്ല ഈ വിഭാഗവുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ സി.പി.എം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കെ.ടി.ജലീലും പി.ടി.എ.റഹീമും ഇക്കാര്യത്തില്‍ ആശയവിനിമയം ഉറപ്പുവരുത്തുന്നുണ്ട്.
1994 ല്‍ രൂപീകൃതമായ കാലം മുതല്‍ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച ഐ.എന്‍.എല്ലിന് ഇടതുമുന്നണി പ്രവേശനം കിട്ടാക്കനിയായി നീളുകയായിരുന്നു. സ്ഥാപക നേതാവ് സുലൈമാന്‍ സേട്ടിന്റെ കാലത്ത് ഇത് യാഥാര്‍ത്ഥ്യമായില്ല. മുസ്‌ലിം സമുദായവുമായി സി.പി.എം നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്നും സമുദായ പാര്‍ട്ടികളെ ഇടനിലക്കാരാക്കുന്നത് സമ്മര്‍ദ്ദതന്ത്രം പയറ്റാന്‍ ഇടയാക്കുമെന്നുമായിരുന്നു നേരത്തെയുള്ള ഇടതുമുന്നണിയുടെ വിലയിരുത്തല്‍.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെയാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടില്‍ മാറ്റമുണ്ടായത്. മുസ്‌ലിം ലീഗിന് ബദലായി വളരാന്‍ ഐ.എന്‍.എല്ലിന് സാധിക്കുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊടുവള്ളി മണ്ഡലത്തില്‍ ലീഗ് വിമതനായി പി.ടി.എ.റഹീമും കാരാട്ട് റസാഖും ജയിച്ചത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണകൊണ്ടുകൂടിയാണ്. എന്നാല്‍ 2014 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് 16000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കൊടുവള്ളി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ലഭിച്ചു.
കൊടുവള്ളിയില്‍ നിന്നുള്ള പി.ടി.എ.റഹീമും കാരാട്ട് റസാഖും ഐ.എന്‍.എല്ലില്‍ എത്തുന്നതോടെ ഇവിടെ ഇടതുമുന്നണിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Latest News