തൃശൂർ - വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വയനാട്ടിലെ സീറ്റിനെക്കുറിച്ച് എൻ.ഡി.എ നേതൃത്വവുമായി സംസാരിച്ചെന്നും അമിത്ഷായുമായി ഫോണിൽ ബന്ധപ്പെട്ടെന്നും വൈകുന്നേരത്തോടെ പ്രഖ്യാപനവും തീരുമാനവും വരുമെന്നും ബി.ഡി.ജെ.എസ് അധ്യക്ഷനും തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി. തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തുഷാർ.
ബി.ഡി.ജെ.എസിന്റെ മണ്ഡലമായ വയനാട് ബി.ജെ.പി ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുകയാണെങ്കിൽ ഇപ്പോൾ അവിടെ നിശ്ചയിച്ചിട്ടുള്ള സ്ഥാനാർത്ഥിയെ മാറ്റുമെന്നും തുഷാർ വ്യക്തമാക്കി.
രാഹുലിനെ പോലുള്ള സ്ഥാനാർത്ഥിയെ നേരിടാൻ വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്നുള്ളതുകൊണ്ടാണ് ബി.ഡി.ജെ.എസ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ മാറ്റുന്നതെന്നും തുഷാർ പറഞ്ഞു. തൃശൂർ സീറ്റിൽ നിന്നും വയനാട്ടിലേക്ക് മാറുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തുഷാർ നൽകിയില്ല. എന്നാൽ മാനസികമായി താൻ ഏതിനും തയ്യാറെടുത്തെന്നും അദ്ദേഹം ചോദ്യങ്ങ്ൾക്കുത്തരമായി പറഞ്ഞു.
ബി.ജെ.പിക്ക് സീറ്റ് വിട്ടുകൊടുക്കുമോ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മാറുമോ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി മാറുമോ തുടങ്ങിയ ചോദ്യങ്ങൾ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തനിക്കു നേരെ വന്നതുകൊണ്ടാണ് അടിയന്തിരമായി പത്രസമ്മേളനം വിളിച്ചുചേർത്തതെന്നും തുഷാർ വെള്ളപ്പള്ളി വ്യക്തമാക്കി.
എല്ലാകാര്യത്തിലും അന്തിമതീരുമാനമെടുക്കേണ്ടത് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഫോണിൽ സംസാരിച്ചപ്പോൾ അമിത്ഷാ ഒരു സൂചനയും തന്നില്ലെന്നും തുഷാർ പറഞ്ഞു. എന്നാൽ വിവരങ്ങളെല്ലാം അമിത്ഷായെ ബോധ്യപ്പെടുത്തിയെന്നും തുഷാർ പറഞ്ഞു.
താനിപ്പോഴും തൃശൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തന്നെയാണെന്നും പ്രചരണം തുടരുകയാണെന്നും മുൻനിശ്ചയിച്ച പ്രകാരം എല്ലാ പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.