റിയാദ് - സൗദിയില്‍ സര്‍ക്കാര്‍ ഫീസിനത്തില്‍ അടച്ച പണം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി ഇതുവരെ 9,810 സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയതായി ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അറിയിച്ചു.
ഈ സ്ഥാപനങ്ങള്‍ക്ക് ആകെ 23.3 കോടി റിയാല്‍ അതോറിറ്റി തിരികെ നല്‍കി. സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ഫീസുകള്‍ തിരികെ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. 2021 വരെയുള്ള കാലത്ത് പദ്ധതി നടപ്പാക്കുന്നതിന് 700 കോടി റിയാല്‍ നീക്കിവെച്ചിട്ടുണ്ട്. ഓരോ കമ്പനികള്‍ക്കും ശരാശരി 26,200 റിയാല്‍ തോതിലുള്ള ഗഢുക്കളായാണ് ഫീസ് ഇനത്തില്‍ അടച്ച പണം തിരികെ നല്‍കിയതെന്ന് അതോറിറ്റി ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അല്‍മാലികി പറഞ്ഞു. സര്‍ക്കാര്‍ ഫീസ് ഇനത്തില്‍ അടച്ച പണം തിരികെ ലഭിക്കുന്നതിന് ഇതുവരെ സ്വകാര്യ കമ്പനികളുടെ ഭാഗത്തു നിന്ന് 15,449 അപേക്ഷകളാണ് ലഭിച്ചത്.
വിദേശികള്‍ക്കുള്ള ലെവി, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഫീസ്, ചേംബര്‍ ഓഫ് കൊമേഴ്‌സുകളില്‍ വരിചേരുന്നതിനുള്ള ഫീസ്, നഗരസഭാ ലൈസന്‍സ്, സൗദി പോസ്റ്റില്‍ വരിചേരുന്നതിനുള്ള ഫീസ് എന്നിവ അടക്കമുള്ള ഫീസുകളാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കുന്നത്.