കൊയിലാണ്ടി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഫലം വരുമ്പോള്‍ ലീഗ് ഏതായാലും സി.പി.എമ്മിനേക്കാള്‍ വലിയ പാര്‍ട്ടിയാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏവരും ആശ്ചര്യത്തോടെ ശ്രവിച്ച ഈ പ്രസ്താവന യാഥാര്‍ഥ്യമാവുന്നതിലേക്കുള്ള സാഹചര്യമാണ് തെളിയുന്നത്. രാഹുല്‍ മത്സരിക്കുന്നതോടെ കേരളത്തിലെ ഇരുപതില്‍ ഇരുപതും യു.ഡി.എഫ് നേടി ഇടതുപക്ഷം സംപ്യൂജരാവുമെന്ന് കരുതുക. 2014ല്‍ സി.പി.എമ്മിന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒമ്പത് പേരുണ്ടായിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍. അഞ്ച് പേര്‍ കേരളത്തില്‍ നിന്ന്. രണ്ട് വീതം ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്. ഇത്തവണ ബംഗാള്‍ വട്ടപൂജ്യമാവുമെന്ന നേരത്തേ വ്യക്തമായിരുന്നു. ത്രിപുര ബി.ജെ.പി തൂത്തുവാരിയതിനാല്‍ അവിടെയും പ്രതീക്ഷയ്ക്ക് വകയില്ല. ബിഹാറിലും മഹാരാഷ്ട്രയിലുമൊന്നും ആരും സഖ്യത്തില്‍ കൂട്ടിയതുമില്ല. പിന്നെയുള്ളത് കേരളമാണ്. കേരളത്തില്‍ നിന്ന് പരമാവധി പേരെ ജയിപ്പിച്ചെടുക്കാനാണ് ഇന്നസെന്റ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത്തവണ പാര്‍ട്ടി ചിഹ്നം നല്‍കിയത്. എന്നിട്ടും പൂജ്യമായാല്‍ പിന്നെയുള്ള പ്രതീക്ഷ തമിഴുനാട്ടിലെ ഡി.എം.കെ മുന്നണി നല്‍കിയ രണ്ട് സീറ്റുകളാണ്-മധുരയും കോയമ്പത്തൂരും. ഇത് രണ്ടും ജയിച്ചാല്‍ തന്നെ ലീഗിനുമുണ്ട് അവിടെ ഒരെണ്ണം. തമിഴുനാടിന്റെ രീതി വെച്ചു നോക്കുമ്പോള്‍ ഏതെങ്കിലും മുന്നണിയെ ജയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാ സ്ഥാനാര്‍ഥികളെയും ജയിപ്പിക്കും. അപ്പോഴും ലീഗിന് മൂന്ന് എം.പിമാരുണ്ടാവും. രാഹുല്‍ വരവോടെ സി.പി.എം വെട്ടിലായെന്ന് കരുതുന്നതില്‍ കാര്യമില്ല. സംസ്ഥാനത്ത് ദേശീയ ചാനലുകള്‍ നേരത്തേ നടത്തിയ സര്‍വേകളിലും യു.ഡി.എഫ് 16-17 സീറ്റുകള്‍ നേടുമെന്ന് കണ്ടെത്തിയിരുന്നു. ഇനി ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടാലും രാഹുല്‍ വന്നു നിന്ന പ്രത്യേക സാഹചര്യത്തില്‍ അങ്ങിനെ സംഭവിച്ചതാണെന്ന് ഇടത് കേന്ദ്രങ്ങള്‍ക്ക് ന്യായീകരിക്കുകയുമാവാം.