റിയാദ് - യെമനിൽ നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കിയ ഹൂത്തികളെയും ലബനോനിലെ ഹിസ്ബുല്ലയെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് യു.എൻ രക്ഷാ സമിതിയിൽ സൗദി അറേബ്യ ആവശ്യപ്പെട്ടു. ഭീകര പ്രവർത്തനങ്ങൾ ലോക സമാധാനത്തിന് സൃഷ്ടിക്കുന്ന ഭീഷണിയെയും ഭീകരതക്ക് പണം ലഭിക്കുന്നത് ചെറുക്കുന്നതിനെയും കുറിച്ച് വിശകലനം ചെയ്യുന്നതിന് ചേർന്ന രക്ഷാസമിതി യോഗത്തിലാണ് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ഹിസ്ബുല്ലയെയും ഹൂത്തികളെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഐ.എസ്, അൽഖാഇദ ഭീകരരുടെ സാന്നിധ്യം ലോക രാജ്യങ്ങളിൽ ഇപ്പോഴുമുണ്ടെങ്കിലും ഐ.എസിന്റെയും അൽഖാഇദയുടെയും ശക്തി ക്ഷയിച്ചിട്ടുണ്ട്. ലോക സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന കാര്യത്തിൽ ഐ.എസിനേക്കാളും അൽഖാഇദയേക്കാളും ഒട്ടും അപകടം കുറവല്ലാത്ത മറ്റു സംഘടനകളുണ്ട്. ഹൂത്തി മിലീഷ്യകളും ഹിസ്ബുല്ലയും ഇക്കൂട്ടത്തിലാണ്. ഹിസ്ബുല്ലയുടെ പ്രവർത്തനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇറാന്റെ ശക്തമായ സംരക്ഷണത്തിലും പിന്തുണയിലുമാണ് ഹിസ്ബുല്ലയും ഹൂത്തികളും പ്രവർത്തിക്കുന്നത്. ഹിസ്ബുല്ലയെയും ഹൂത്തികളെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന കാര്യം യു.എൻ രക്ഷാസമിതി വിശകലനം ചെയ്യണം. ഹിസ്ബുല്ലക്കും ഹൂത്തികൾക്കും അവരെ പിന്തുണക്കുന്നവർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പ്രത്യേക കമ്മിറ്റി സ്ഥാപിക്കുകയും വേണം.
വിദേശ ഭീകരർ തങ്ങളുടെ രാജ്യങ്ങളിൽ നുഴഞ്ഞുകയറുന്നതാണ് സുരക്ഷാ ഏജൻസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരക്കാരുടെ പശ്ചാത്തലം മുൻകൂട്ടി അറിയുന്നതിന് സുരക്ഷാ ഏജൻസികൾക്ക് സാധിക്കില്ല. വിദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോക രാജ്യങ്ങൾ പരസ്പരം അനിവാര്യമായും പങ്കുവെക്കണമെന്ന് സൗദി അറേബ്യ വളരെ നേരത്തെ മുതൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം വിവരങ്ങൾ വിദേശ ഏജൻസികളുമായി സൗദി അറേബ്യ പങ്കുവെക്കുന്നുമുണ്ട്.
മറ്റു രാജ്യങ്ങളുടെ പ്രദേശത്ത് അധിനിവേശം നടത്തുന്നതും ഈ അധിനിവേശത്തിന്റെ നിയമ സാധുത നീതീകരണമില്ലാതെ അംഗീകരിക്കുന്നതും ഭീകരതക്ക് വളംവെക്കും. ന്യൂസിലാന്റിൽ നിരപരാധികളായ മുസ്‌ലിംകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി അപലപിച്ചു. ലോക മനസ്സാക്ഷിക്ക് ആഘാതം സൃഷ്ടിച്ച ഏറ്റവും പൈശാചികമായ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ന്യൂസിലാന്റിലുണ്ടായത്.
ന്യൂസിലാന്റിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണം ഹൃദയം നുറുക്കുന്ന വേദനയാണ് സമ്മാനിച്ചതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരകളോടുള്ള മനം കവിഞ്ഞൊഴുകുന്ന സ്‌നേഹവും അനുകമ്പയും ആർദ്രതയും യോജിപ്പും പ്രകടിപ്പിച്ച ന്യൂസിലാന്റ് ഗവൺമെന്റിനെയും ജനതയെയും ഈ വികാര വായ്പുകളോട് പരസ്പര സ്‌നേഹത്തിലൂടെ പ്രതികരിച്ച ന്യൂസിലാന്റിലെ മുസ്‌ലിംകളെയും എല്ലാവരും മാനിക്കേണ്ടതുണ്ട്.
ഭീമമായ പണം ഉപയോഗിച്ചും വളരെ കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ചും ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കഴിയുമെന്നാണ് ന്യൂസിലാന്റ് ഭീകരാക്രമണം വ്യക്തമാക്കുന്നത്. എല്ലാ സമൂഹങ്ങളിലും ആശയ, വിശ്വാസ പോരാട്ടങ്ങളിൽ നിന്നാണ് ഭീകര വിരുദ്ധ പോരാട്ടം ആരംഭിക്കേണ്ടത്. ഭീകരതക്ക് ഏതെങ്കിലും മതവുമായോ വംശവുമായോ രാജ്യവുമായോ ബന്ധമില്ല എന്ന കാര്യവും ഉൾക്കൊള്ളണം. അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണിൽ ഇബ്രാഹിമി മസ്ജിദിൽ നമസ്‌കാരത്തിനിടെ മുസ്‌ലിം വിശ്വാസികളെ കൊലപ്പെടുത്തിയ ഭീകരതയും ന്യൂസിലാന്റ് ഭീകരതയും ഐ.എസ് ഭീകരതയും സമമാണ്. വിദ്വേഷവും പരനിരാസവുമാണ് ഭീകരതയുടെ ഉറവിടം.
മറ്റു നിരവധി രാജ്യങ്ങളെ പോലെ സൗദി അറേബ്യയും ഭീകരതയുടെ കെടുതികൾ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭീകരതയെ വേരോടെ പിഴുതുകളയുന്നതിന് എല്ലാ നിലക്കും രാജ്യം ശ്രമിക്കുന്നു. ഐ.എസ് വിരുദ്ധ പോരാട്ടത്തിലും യെമനിൽ അൽഖാഇദയെ ചെറുക്കുന്നതിലും സിറിയയിലും യെമനിലും ഹിസ്ബുല്ലയുടെ ഗൂഢാലോചനകൾ നേരിടുന്നതിലും സൗദി അറേബ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിന് ഭീകരതയുടെ സാമ്പത്തിക ഉറവിടങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. രാഷ്ട്രീയ തീവ്രവാദത്തെ പിന്തുണക്കുന്നതിന് ചില രാജ്യങ്ങൾ ന്യായീകരണങ്ങൾ നിരത്തുന്നു. ഭീകരതയിലേക്കുള്ള പ്രവേശന കവാടമാണ് രാഷ്ട്രീയ തീവ്രവാദം. ഭീകരതക്കുള്ള സാമ്പത്തിക സഹായം ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുഴുവൻ അന്താരാഷ്ട്ര കരാറുകളിലും ചാർട്ടറുകളിലും സൗദി അറേബ്യ ചേരുകയും എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ആശയ തലത്തിൽ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിനും ഭീകരരെ തെറ്റ് ബോധ്യപ്പെടുത്തുന്നതിനും സൗദി അറേബ്യ രണ്ടു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ മുൻകൈയെടുത്ത് ഇസ്‌ലാമിക സഖ്യം സ്ഥാപിക്കുകയും ഭീകരതക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും സഹകരിച്ച് പ്രത്യേക സെന്റർ സ്ഥാപിക്കുകയും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. യു.എന്നിനു കീഴിൽ ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിനുള്ള സെന്റർ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സൗദി അറേബ്യയാണ് മുന്നോട്ടു വെച്ചതെന്ന് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.