മഞ്ചേരി- പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബംഗളൂരു സ്വദേശിയായ നാല്‍പതുകാരനെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധികതടവ് അനുഭവിക്കണം. 2016 ആഗസ്റ്റ് രണ്ടിനു പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു. സംശയം തോന്നി കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം പുറത്തായത്. രണ്ടു വര്‍ഷം മുമ്പ് കുട്ടി നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോഴും പിതാവ് ഇത്തരത്തില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും കുട്ടി മാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു മാതാവ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊന്നാനി സി.ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി.ജമാല്‍ ഹാജരായി.