റിയാദ് - വിശുദ്ധ റമദാൻ സമാഗതമാകാറായതോടെ വേലക്കാരികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിനുള്ള അപേക്ഷകളിൽ 40 ശതമാനം വർധന. ഏതാനും റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഉഗാണ്ടയിൽ നിന്ന് വേലക്കാരികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിന് തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉഗാണ്ടയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തടസ്സപ്പെട്ടിരുന്നു. ഉഗാണ്ടയിലെ റിക്രൂട്ടിംഗ് ഏജൻസികളുടെ ഭാഗത്തുള്ള പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം.
എല്ലാ വർഷവും ഈ കാലത്ത് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിനുള്ള അപേക്ഷകളിൽ വർധനവ് പതിവാണെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ അലി അൽഖുറശി പറഞ്ഞു. ഇപ്പോൾ നിരവധി രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അവസരമൊരുക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, ഉഗാണ്ട, ഫിലിപ്പൈൻസ്, എത്യോപ്യ അടക്കമുള്ള രാജ്യങ്ങളുമായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. പുതുതായി നാലു രാജ്യങ്ങളുമായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകൾ ഒപ്പുവെക്കുന്നതിന് മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണെന്നും അലി അൽഖുറശി പറഞ്ഞു. ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും ബംഗ്ലാദേശിൽ നിന്നും ഉഗാണ്ടയിൽ നിന്നും പുതുതായി വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമൊരുങ്ങിയിട്ടുണ്ടെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ മുഹമ്മദ് അൽശഹ്‌റാനി പറഞ്ഞു. ഇരു രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 7000 റിയാലാണ് ചെലവ് വരുന്നത്. ബംഗ്ലാദേശിൽ നിന്നും ഉഗാണ്ടയിൽ നിന്നുമുള്ള വേലക്കാർക്ക് 900 റിയാൽ മുതലാണ് വേതനമെന്നും മുഹമ്മദ് അൽശഹ്‌റാനി പറഞ്ഞു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കരാറുകൾ ഒപ്പുവെക്കുന്നതിന് നാലു രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏഷ്യയിലെ ലാവോസ്, നേപ്പാൾ, ആഫ്രിക്കയിലെ ഘാന, നൈജീരിയ എന്നീ രാജ്യങ്ങളുമായാണ് മന്ത്രാലയം ചർച്ചകൾ നടത്തുന്നത്. കഴിഞ്ഞ വർഷാദ്യം മുതൽ ഇക്കഴിഞ്ഞ ജനുവരി അവസാനം വരെയുള്ള കാലത്ത് പതിനാലു റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ലൈസൻസുകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ കെട്ടിവെച്ച ബാങ്ക് ഗാരണ്ടികൾ പിൻവലിച്ചിട്ടുമുണ്ട്. ഉപയോക്താക്കളുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിന് കഴിയാത്ത പക്ഷം ഉപയോക്താക്കൾക്ക് നൽകാനുള്ള പണം തിരികെ നൽകുന്നതിന് വിനിയോഗിക്കുന്നതിനു വേണ്ടിയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ബാങ്ക് ഗാരണ്ടികൾ പിൻവലിച്ചത്.