റിയാദ് - സൗദി അറേബ്യയിലെ വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ കൊല്ലം 9.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി കണക്ക്. കഴിഞ്ഞ വർഷാവസാനത്തോടെ രാജ്യത്തെ വിദേശ നിക്ഷേപം 1488 ബില്യൺ റിയാൽ (1,48,800 കോടി റിയാൽ) ആയി ഉയർന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിൽ 12,775 കോടിയുടെ വളർച്ചയാണുണ്ടായത്.
നേരിട്ടുള്ള വിദേശ നിക്ഷേപം, പോർട്ട്‌ഫോളിയോ നിക്ഷേപം, മറ്റിനം വിദേശ നിക്ഷേപങ്ങൾ എന്നിങ്ങനെ വിദേശ നിക്ഷേപങ്ങൾ മൂന്നു വിഭാഗങ്ങളാണുള്ളത്. പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളിൽ കഴിഞ്ഞ കൊല്ലം 7192 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ പെട്ട വിദേശ നിക്ഷേപം 33,299 കോടി റിയാലായി ഉയർന്നു. 2017 അവസാനത്തിൽ ഇത് 26,107 കോടി റിയാലായിരുന്നു.
മറ്റിനം വിദേശ നിക്ഷേപങ്ങളിൽ കഴിഞ്ഞ വർഷം 17.8 ശതമാനം വളർച്ചയുണ്ടായി. ഈ വിഭാഗത്തിൽ പെട്ട 4376 കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് കഴിഞ്ഞ കൊല്ലം രാജ്യത്തെത്തിയത്. ഈ ഗണത്തിൽ പെട്ട ആകെ വിദേശ നിക്ഷേപം 28,991 കോടി റിയാലായി ഉയർന്നു. 2017 അവസാനത്തിൽ ഈ വിഭാഗത്തിൽ പെട്ട ആകെ വിദേശ നിക്ഷേപം 24,615 കോടി റിയാലായിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ കൊല്ലം 1208 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. നേരിട്ടുള്ള വിദേശ നിക്ഷേപം 86,545 കോടി റിയാലായി ഉയർന്നു. 2017 ൽ നേരിട്ടുള്ള വിദേശ നിക്ഷേപം 85,337 കോടി റിയാലായിരുന്നെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചതിന്റെ ഫലമായാണ് വലിയ തോതിൽ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കുന്നതിന് സാധിച്ചത്. സിനിമാ തിയേറ്ററുകൾ തുറന്നും സംഗീത, വിനോദ പരിപാടികൾ സംഘടിപ്പിച്ചിച്ചും ടൂറിസം പ്രോത്സാഹിപ്പിച്ചത് വിനോദ മേഖലയിൽ വിദേശ നിക്ഷേപങ്ങൾ നടത്തുന്നതിന് വിദേശ കമ്പനികളെ പ്രോത്സാഹിപ്പിച്ചു. പത്തു വർഷത്തിനിടെ സൗദിയിലെ വിദേശ നിക്ഷേപം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
2009 ൽ രാജ്യത്തെ വിദേശ നിക്ഷേപം 75,524 കോടി റിയാലായിരുന്നു. 2009 ൽ വിദേശ നിക്ഷേപത്തിൽ 73.5 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും 1.9 ശതമാനം പോർട്ട്‌ഫോളിയോ നിക്ഷേപവും 27.3 ശതമാനം മറ്റിനം നിക്ഷേപങ്ങളുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ 58.1 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും 22.4 ശതമാനം പോർട്ട്‌ഫോളിയോ നിക്ഷേപവും 19.5 ശതമാനം മറ്റിനം നിക്ഷേപങ്ങളുമാണ്.
2007 ൽ വിദേശ നിക്ഷേപം 433 ബില്യൺ റിയാലും 2008 ൽ 599 ബില്യൺ റിയാലുമായിരുന്നു. 2010 ൽ ഇത് 857 ബില്യൺ റിയാലും 2011 ൽ 895 ബില്യൺ റിയാലും 2012 ൽ 942 ബില്യൺ റിയാലും 2013 ൽ 993 ബില്യൺ റിയാലും 2014 ൽ 1041 ബില്യൺ റിയാലും 2015 ൽ 1144 ബില്യൺ റിയാലും 2016 ൽ 1283 ബില്യൺ റിയാലും 2017 ൽ 1361 ബില്യൺ റിയാലും ആയി ഉയർന്നു.