ജിദ്ദ - വിമാന യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടതിന് സൗദി വനിതക്ക് വിമാന കമ്പനി 1700 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധി ജിദ്ദ അപ്പീൽ കോടതി ശരിവെച്ചു. ആഭ്യന്തര സർവീസിൽ യാത്ര ചെയ്യുന്നതിനിടെ സൗദി വനിതയുടെ സ്വർണം സൂക്ഷിച്ച ബാഗ് നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിൽ കയറുന്നതിനിടെ സൗദി വനിതയുടെ കൈയിലുണ്ടായിരുന്ന ബാഗ് വിമാന കമ്പനി ജീവനക്കാരൻ പിടിച്ചെടുത്ത് കാർഗോ ഹോൾഡിലേക്ക് മാറ്റുകയായിരുന്നു. ബാഗിൽ സ്വർണമുണ്ടെന്നും ഇത് നഷ്ടപ്പെടുമെന്ന് ഭയക്കുന്നതായും യാത്രക്കാരി പറഞ്ഞുനോക്കിയെങ്കിലും വിമാന കമ്പനി ജീവനക്കാരൻ ഗൗനിച്ചില്ല. ജീവനക്കാരൻ കാർഗാ ഹോൾഡ് ലഗേജുകളുടെ കൂട്ടത്തിലേക്ക് ബാഗ് മാറ്റി.
ലക്ഷ്യസ്ഥാനത്ത് വിമാനമിറങ്ങിയ യാത്രക്കാരിക്ക് ബാഗ് ലഭിച്ചില്ല. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ എയർപോർട്ട് ജീവനക്കാർ റിപ്പോർട്ട് തയാറാക്കുകയും വൈകാതെ അറിയിക്കുന്ന മുറക്ക് വിമാനത്താവളത്തിലെത്തി ബാഗ് കൈപ്പറ്റാവുന്നതാണെന്നും അറിയിച്ചു. വീണ്ടും എയർപോർട്ടിലെത്തിയപ്പോൾ ബാഗ് നഷ്ടപ്പെട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതിന് നഷ്ടപരിഹാരമായി 1700 റിയാൽ വിമാന കമ്പനി അധികൃതർ കൈമാറി. ഈ തുക സ്വീകരിക്കുന്നതിന് വിസമ്മതിച്ച സൗദി വനിത സ്വർണത്തിന്റെ വിലയായ 19,000 റിയാൽ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകി.
എന്നാൽ ഈയാവശ്യം കോടതി തള്ളിക്കളഞ്ഞു. സിവിൽ ഏവിയേഷൻ നിയമത്തിലെ 134 ാം വകുപ്പും വിമാന കമ്പനി നിയമാവലിയും പ്രകാരം യാത്രക്കാരിക്ക് 1700 റിയാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനു മാത്രമാണ് അവകാശമുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും ശരിവെച്ചതോടെ വിധി അന്തിമമായി.