തൊടുപുഴ- മനസ്സാക്ഷി മരവിച്ച കാമുകന്റെ ക്രൂരതക്കിരയായി മസ്തിഷ്‌കമരണം സംഭവിച്ച ഏഴ് വയസ്സുകാരനായ മകൻ വീണ് പരിക്കേറ്റതാണെന്ന് ആദ്യം പോലീസിനോട് പറഞ്ഞ അമ്മ, ഇന്നലെ ഡിവൈ.എസ്.പിയോട് മൊഴി മാറ്റിയതാണ് കേസിൽ വഴിത്തിരിവായത്. മൂത്രമൊഴിച്ചതാണ് പ്രകോപനമെന്നും കാമുകൻ മുമ്പും കുട്ടിയെ മർദിച്ചിരുന്നതായും മൊഴി നൽകി. ചവിട്ടി വീഴ്ത്തിയതായും കുട്ടി വീണ്ടും എഴുന്നേറ്റപ്പോൾ എടുത്ത് എറിഞ്ഞതായും ഈ സമയം അലമാരയിൽ തലയിടിച്ചതായും അമ്മ പറയുന്നു. വീണ കുട്ടിയെ നിലത്തിട്ട് ചവിട്ടി. ഇന്നലെ നടത്തിയ പരിശോധനയിൽ ഭിത്തിയിൽ രക്തം തെറിച്ചതായും അടിക്കാൻ ഉപയോഗിച്ച വടി ഒടിഞ്ഞ നിലയിലും കണ്ടെത്തി. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയെ തിരുവനന്തപുരത്തിന് വിവാഹം കഴിച്ച് അയച്ചതായിരുന്നു. ഒരു വർഷം മുമ്പ്, വർക്ക്ഷോപ്പ് നടത്തുകയായിരുന്ന ഭർത്താവ് മരിച്ചതോടെ യുവതി അരുണിനൊപ്പം മക്കളുമായി നാട് വിടുകയായിരുന്നു. പിന്നീട് കേസ് കോടതിയിൽ എത്തുകയും തനിക്ക് അരുണിനൊപ്പം പോയാൽ മതിയെന്ന് യുവതി പറയുകയും ചെയ്തു. ഹൃദയാഘാതമാണ് ഭർത്താവിന്റെ മരണ കാരണമെന്നാണ് പറയുന്നത്.
കൊലപാതകം അടക്കം ആറ് കേസുകളിലെ പ്രതിയാണ് അരുണെന്നാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ് കൊടുത്ത റിപ്പോർട്ടിലുള്ളത്. തെളിവിന്റെ അഭാവത്തിൽ കൊലപാതക കേസിൽ ശിക്ഷയിൽ നിന്ന് ഒഴിവായി. ഭവനഭേദനം, അടിപിടി കേസുകളുമുണ്ട്. അടുത്തിടെ കട്ടിൽ കാലിൽ വീണതിനെ തുടർന്ന് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു നടപ്പ്. കുട്ടിയേയും കൊണ്ട് തൊടുപുഴയിലെ ആശുപത്രിയിലേക്ക് ഇരുവരും പോയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിയത്. ഭക്ഷണം കഴിക്കാൻ കയറിയെന്നാണ് പോലീസിനോട് പറഞ്ഞതെങ്കിലും കുട്ടിയെ ഉപേക്ഷിക്കാൻ പദ്ധതി ഉണ്ടായിരുന്നതായാണ് വിവരം. പോലീസ് പിടിച്ചെടുത്ത കാറിൽ നിന്ന് മദ്യവും മഴുവും രണ്ട് പ്രഷർ കുക്കറും വലിയ രണ്ട് ബക്കറ്റും കണ്ടെത്തി. സ്ഥിരമായി മദ്യവും ലഹരി പദാർഥങ്ങളും ഉപയോഗിക്കുന്ന ആളായിരുന്നു പ്രതിയെന്നാണ് വിവരം.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ ജോസഫ് അഗസ്റ്റിന് ആണ് ആദ്യം കേസിൽ വിവരം ലഭിക്കുന്നത്. പിന്നീട് തൊടുപുഴ സി.ഐ അഭിലാഷ് ഡൊമിനിക് അന്വേഷണം ആരംഭിച്ചു. തൊടുപുഴ ഡിവൈഎസ്പി കെ.പി. രാജുവിന്റെ മേൽനോട്ടത്തിലാണ് നിലവിൽ കേസന്വേഷണം പുരോഗമിക്കുന്നത്. സയന്റിഫിക് വിദഗ്ധർ വീട്ടിലും കാറിലും പരിശോധന നടത്തി.
ഇടുക്കി കുമളിയിൽ 2013 ൽ ഷെഫീക്ക് എന്ന ബാലന് നേരെ രണ്ടാനമ്മയും അച്ഛനും നടത്തിയ മർദനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നാടിന്റെ നൊമ്പരമായി മാറിയ ഷെഫീഖ് ഇപ്പോൾ തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സംരക്ഷണയിലാണ്. കേരളത്തിലും വെല്ലൂരിലും നിരന്തര ചികിൽസ നടത്തിയെങ്കിലും തലക്ക് ക്ഷതമേറ്റ ഷെഫീഖ് ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല.