മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വലിയൊരു വിഭാഗം പ്രവാസികൾ ആവേശത്തോടെ കാത്തു നിൽക്കെ, നാട്ടിൽനിന്ന് ഒട്ടേറെ പ്രവാസി കുടുംബങ്ങൾ അവധിക്കാലം ആഘോഷിക്കാൻ ഗൾഫിലേക്കുള്ള യാത്രക്കൊരുങ്ങുന്നു. വിവിധ ജില്ലകളിൽനിന്ന് പ്രത്യേകിച്ച് മലബാർ മേഖലയിൽനിന്നുള്ള ഗൾഫ് കുടുംബങ്ങളാണ് നാട്ടിലെ സ്‌കൂൾ അവധി തുടങ്ങിയതോടെ ഗൾഫിലേക്ക് ഹ്രസ്വ സന്ദർശനത്തിന് പോകുന്നത്. ഇത്തവണ വോട്ടു ചെയ്യാൻ ഇവർ നാട്ടിലുണ്ടാകില്ല. പ്രവാസികളുടെ വോട്ട് പ്രതീക്ഷിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഗൾഫ് കുടുംബങ്ങളുടെ വോട്ടുകൾ ഇത്തവണ കിട്ടാതെ പോകുമെന്ന ആശങ്കയിലാണ്.
കേരളത്തിലെ സ്‌കൂളുകൾ അവസാനപാദ പരീക്ഷകൾ കഴിഞ്ഞ് വേനലവധിക്ക് പൂട്ടിയതിന് പിന്നാലെ തന്നെ പല കുടുംബങ്ങളും ഗൾഫിലേക്ക് യാത്രയായി. ഒരു മാസത്തിലേറെയുള്ള അവധിയിലാണ് ഇവർ പോകുന്നത്. തിരിച്ചെത്തുമ്പോഴേക്കും തെരഞ്ഞെടുപ്പു കഴിഞ്ഞിരിക്കും. കുടുംബങ്ങൾ ഗൾഫിലേക്ക് വരുന്നതിനാൽ വോട്ടുള്ള പ്രവാസികളും ഇത്തവണ നാട്ടിലേക്ക് വരുന്നത് ഒഴിവാക്കുമെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.
പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് വർധന ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് പ്രതീക്ഷ നൽകുന്നതിനിടെയാണ് കുടുംബങ്ങളുടെ ഗൾഫ് യാത്ര. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് വടക്കൻ ജില്ലകളിലാണ്. കോഴിക്കോട്, മലപ്പുറം,കണ്ണൂർ മേഖലകളിൽ പ്രവാസി മലയാളികളുടെ വോട്ടുകളെ സ്വാധീനിക്കാൻ മുന്നണികൾ പ്രത്യേകമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതിനിടെയാണ് കുടുംബങ്ങളുടെ യാത്ര തിരിച്ചടിയാകുന്നത്.
ഏറ്റവും കൂടുതൽ പ്രവാസികൾക്ക് വോട്ടവകാശം ലഭിച്ച തെരഞ്ഞെടുപ്പാണിത്. പ്രവാസികൾ വോട്ട് ചെയ്യാൻ നാട്ടിലെത്തിയാൽ അവരുടെ കുടുംബങ്ങളിൽ നിന്നുള്ള എല്ലാ വോട്ടുകളും പോൾ ചെയ്യപ്പെടുമെന്നുള്ള കണക്കുകൂട്ടലുമുണ്ട്. സംസ്ഥാനത്ത് ഇത്തവണ അംഗീകരിക്കപ്പെട്ടിട്ടുള്ള മൊത്തം പ്രവാസി വോട്ടുകളിൽ മുക്കാൽ ഭാഗവും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്.
കേരളത്തിൽ മൊത്തം 66584 വിദേശ മലയാളികൾക്കാണ് വോട്ടവകാശം ലഭിച്ചിരിക്കുന്നത്. ഇതിൽ 49000 പേർ ഈ മുന്നു ജില്ലകളിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലകളിലാണ്.22241 പേർ. മലപ്പുറത്ത് 15298,കണ്ണൂരിൽ 11060 എന്നിങ്ങിനെയാണ് മറ്റു രണ്ടു ജില്ലകളിലെ പ്രവാസി വോട്ടർമാർ.
കടുത്ത മൽസരം നടക്കുന്ന മണ്ഡലങ്ങളിൽ ജയപരാജയങ്ങളെ നിർണയിക്കാൻ വരെ പ്രവാസി വോട്ടുകൾ ഇടയാക്കിയേക്കാം. പ്രവാസി കുടുംബങ്ങൾ ഗൾഫിലേക്ക് തിരിക്കുന്നത് പല മണ്ഡലങ്ങളിലും മുന്നണികളുടെ പ്രതീക്ഷകളെ അട്ടിമറിക്കും. ഇരുമുന്നണികളും പ്രത്യേക താൽപര്യമെടുത്ത് ഇത്തവണ പ്രവാസികളെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രവാസി വോട്ടുകൾ കാത്തിരിക്കുന്നതിനെ പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ ചോരുമോ എന്ന ആശങ്കയാണ് ഇപ്പോൾ മുന്നണികൾക്കുള്ളത്. പലരും വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ യാത്ര റദ്ദാക്കാൻ തയ്യാറായിട്ടില്ല.