കോളം അച്ചടിച്ചു വരുമ്പോഴേക്കും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ എന്തെങ്കിലും തീരുമാനം വരുമോ എന്നൊരു ഉറപ്പുമില്ല. അത് വന്നാലും വന്നില്ലെങ്കിലും കോൺഗ്രസിനുവേണ്ടി നവ മാധ്യമ രംഗത്ത് പോരാടി നിൽക്കുന്ന കെ.പി. സുകുമാരൻ (കണ്ണൂർ) വെള്ളിയാഴ്ച കുറിച്ചിട്ട വരികളിൽ എല്ലാം ഉണ്ട്. അതിങ്ങിനെയാണ്- ആകെ മൊത്തത്തില് തെരഞ്ഞെടുപ്പിന്റെ ഒരു മൂഡ് പോയി. ഇനി ആരെങ്കിലും ജയിക്കട്ട്. അത്രേള്ളൂ.
ഏതാണ്ട് ഇമ്മട്ടിൽ തന്നെയാണ് വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കേണ്ട പാർട്ടിയായ മുസ്‌ലിം ലീഗിന്റെ ജില്ലാ സെക്രട്ടറി പി.പി.എ കരീമും പ്രതികരിച്ചത്. ലീഗിന്റെ സംസ്ഥാന നേതൃത്വം കടുത്തൊന്നും പറഞ്ഞിട്ടില്ല.
ഈ അവസ്ഥകളെല്ലാം വെച്ചു വേണം രാഹുലിന്റെ വയനാട് സ്ഥാനാർഥി സാധ്യത കേട്ടപ്പോൾ തന്നെ ഇത്തിരി വേറിട്ട മുഖഭാവത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചുരുക്കം വാക്കുകൾ വീണ്ടും ഓർത്തെടുക്കേണ്ടത്. പിണറായി ഇത്രയെ പറഞ്ഞുള്ളൂ 'ബി.ജെ.പിക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച രാഹുൽ ബി.ജെ.പി ശക്തമല്ലാത്തിടത്ത് വന്ന് മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?' ആ ചോദ്യം രാഷ്ട്രീയ അന്തരീക്ഷത്തിൽ നിറഞ്ഞുകിടന്നു. പാർട്ടി സെക്രട്ടറി കോടിയേരിയൊക്കെ കിട്ടാനിടയുള്ള അവസാന വോട്ടും നഷ്ടപ്പെടുത്തുന്ന വാക്കുകളുമായി പറന്ന് നടന്നെങ്കിലും പിണറായി വിജയന്റെ ഓപ്പറേഷനെല്ലാം ശാന്തമായിട്ടായിരുന്നുവെന്ന് ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ടാകും. കോൺഗ്രസുകാരും യു.ഡി.എഫും ആവേശക്കമ്മിറ്റി ചേർന്ന് ചുരംകയറി പോകുമ്പോഴും പിണറായി വിജയന്റെ രാഷ്ട്രീയ മെഷിനറി നിശബ്ദ പ്രവർത്തനത്തിലായിരിക്കണം. അല്ലെങ്കിൽ ഈ വിധം കാര്യങ്ങൾ ചെന്നെത്തുമായിരുന്നില്ലല്ലോ.
വയനാട്ടിൽ മത്സരിക്കുന്നതിൽനിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കുന്നതിന് പിന്നിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഇരുവരും ആവർത്തിച്ചാവശ്യപ്പെട്ടതിനെ തുടർന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം യു.ഡി.എഫ് സംവിധാനത്തെയാകെ മുൾമുനയിൽ നിർത്തി വൈകിപ്പിക്കുന്നതെങ്കിൽ ആ കഴിവ് അപാരം തന്നെയല്ലെ. കേരളത്തിലെ കോൺഗ്രസ് ഒന്നടങ്കം ആവശ്യപ്പെട്ടതിനെക്കുറിച്ചും, നീക്കം അട്ടിമറിക്കപ്പെട്ടതിനെപ്പറ്റിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വെള്ളിയാഴ്ച പറഞ്ഞതിങ്ങനെയാണ്- 'കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത് തടയാൻ ശ്രമം നടക്കുന്നുണ്ട്. ചിലർ ദൽഹിയിൽ നാടകം കളിക്കുകയാണ്. വരുംദിവസങ്ങളിൽ ഇക്കാര്യം വെളിപ്പെടുത്തും. രാഹുലിന്റെ സ്ഥാനാർത്ഥിത്വം തടയാൻ ദൽഹിയിൽ വൻ അന്തർ നാടകങ്ങളാണ് നടക്കുന്നത്..' ക്ഷോഭം അടക്കാനാവാതെയാണ് മുല്ലപ്പള്ളി ഇത്രയും ചാനലുകൾക്ക് മുന്നിൽ പറഞ്ഞത്.
രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാർട്ടി ദൽഹി കേന്ദ്രീകരിച്ചാണ് ഗൂഢശ്രമങ്ങൾ നടത്തുന്നത്. ആ പാർട്ടി ഏതാണെന്ന് ഇപ്പോൾ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുൽ കേരളത്തിൽ മത്സരിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അത് പറയാൻ എന്ത് ധാർമ്മിക അവകാശമാണ് ഉള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചിട്ടുണ്ട്.
രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടത് തന്റെ പാർട്ടിയാണെന്ന് ശരദ് പവാറിന്റെ പാർട്ടിയുടെ കേരള ഘടകം പ്രസിഡന്റും ഭരണകക്ഷി എം.എൽ.എയുമായ തോമസ് ചാണ്ടി തുറന്ന് പറഞ്ഞു കഴിഞ്ഞു. രംഗം മോശമാകുന്നു എന്ന് തിരിച്ചറിഞ്ഞ സി.പി.ഐ അതിന്റെ നേതാവ് ഡി. രാജയെക്കൊണ്ട് പ്രതികരിപ്പിച്ചിരിക്കയാണ്. രാഹുൽ തങ്ങളുടെ വയനാട് സ്ഥാനാർഥിക്കെതിരെ മത്സരിക്കരുതെന്ന് തങ്ങളാരോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാജ പറയുന്നത്.
അപ്പോൾ പിന്നെ കേരളത്തിൽ അവരുടെ മുന്നണിയിലുള്ള എം.എൽ.എ തോമസ് ചാണ്ടി പറഞ്ഞകാര്യമോ? സി.പി.ഐയായിട്ട് ആവശ്യപ്പെട്ടിട്ടില്ല എന്നായിരിക്കാം ആ സാത്വിക സഖാവ് ഉദ്ദേശിച്ചുണ്ടാവുക. തോമസ് ചാണ്ടി അവസരം ഒട്ടും നഷ്ടപ്പെടുത്താതെ സി.പി.ഐക്കിട്ട് ഒന്ന് കൊടുത്തതുമാകാം.
അതിലിടക്ക് കിരൺ തോമസ് എന്ന സോഷ്യൽ മീഡിയ ആക്ടീവിസ്റ്റ് വ്യാഴാഴ്ച ഒരു എക്‌സ്‌ക്ലൂസീവ് നൽകിയിരുന്നു - രാഹുൽ ഗാന്ധിക്ക് പകരം പെങ്ങൾ പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന്. രാഹുലോ, പ്രിയങ്കയോ മത്സരിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയ വിവാദം പലവഴിക്ക് കത്തിപ്പടരുമെന്നുറപ്പ്. ഓർക്കുക, രണ്ട് പാർട്ടികളായതു മുതൽ കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ പോരടിച്ചവരാണ് സി.പി.ഐയും, സി.പി.എമ്മും. മോഡി ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിടക്ക് ഇക്കാര്യമൊന്നും ഓർക്കരുതെന്ന് ആളുകൾക്ക് രാഷ്ട്രീയ സാത്വികരാകാം. പക്ഷെ കാര്യങ്ങളൊക്കെ മറ്റൊരു വഴിക്ക് പോകും. തെരഞ്ഞെടുപ്പിലും യുദ്ധത്തിലും ഇത്തരം സംഗതികൾക്കൊക്കെ എന്ത് വില. തകരണം, തകർക്കണം എന്ന ആ പഴയ മുദ്രാവാക്യമില്ലെ അതുമാത്രമായിരിക്കും അക്കാലത്തും എല്ലാവരുടെയും മനസ്സിൽ.