ദോഹ- മേഖലയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം. ലോകത്തിലെ മികച്ച നാലാമതു വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് അവാര്‍ഡ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവള (എച്ച്ഐഎ)ത്തിന് ലഭിച്ചു. സലാല രാജ്യാന്തര വിമാനത്താവളത്തിനും സ്കൈട്രാക്സ് 2019 അവാര്‍ഡ് ഉണ്ട്. ഫൈവ് സ്റ്റാര്‍ ആഗോള റേറ്റിംഗാണ് സലാലയെ തേടിയെത്തിയത്.
വൈമാനിക രംഗത്തെ ഓസ്കര് എന്നാണ് സ്കൈട്രാക്സ് അവാര്‍ഡ് അറിയപ്പെടുന്നത്. ലണ്ടനിലെ പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയില്‍ ദോഹ വിമാനത്താവള അധികൃതര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മധ്യപൂര്‍വദേശത്തെ മികച്ച വിമാനത്താവളമെന്ന ബഹുമതി തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും മധ്യപൂര്‍വദേശത്തെ മികച്ച ഉദ്യോഗസ്ഥ സേവനങ്ങള്‍ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായ നാലാം വര്‍ഷവും എച്ച്.ഐ.എ സ്വന്തമാക്കി.
ഫൈവ് സ്റ്റാര്‍ എയര്‍പോര്‍ട്ട് എന്നീ അംഗീകാരവും എച്ച്.ഐ.എക്ക് ലഭിച്ചു. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാരാണു ഹമദ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്.
ലണ്ടന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍ നടന്ന സ്കൈട്രാക്സ് 2019 ലോക പുരസ്കാര ചടങ്ങില്‍ ഒമാന്‍ എയര്‍പോര്‍ട്ട്സിന് വേണ്ടി ഒമാന്‍ എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെയ്ഖ് അയ്മന് ബിന്‍ അഹ്മദ് അല്‍ ഹുസ്നി സലാല വിമാനത്താവളത്തിനുള്ള പുരസ്കാരം സ്വീകരിച്ചു.
ദക്ഷിണ ഒമാനിലെ പ്രധാന മേഖലാ കേന്ദ്രമായ സലാല വിമാനത്താവളം ആഗോളതലത്തില്‍ ഈ റേറ്റിംഗ് ലഭിക്കുന്ന നാലാമത്തെ മേഖലാ വിമാനത്താവളമാണ്.