പരപ്പനങ്ങാടി- പിടികൂടിയ കഞ്ചാവ് എക്‌സൈസുകാര്‍ പരിശോധിക്കുന്നതിനിടെ കടലിലേക്ക് ചാടിയ യുവാവിനെ എക്‌സൈസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി പിടികൂടി. വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദാണ് പിടിയിലായത്. വീടിന്റെ പരിസരത്ത് ഇരുട്ടില്‍ മറഞ്ഞിരുന്ന എക്‌സൈസുകാര്‍ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടികൂടിയിരുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാനായിരുന്നു ശ്രമം. പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. പ്രതി നൗഷാദിനും പ്രിവന്റീവ് ഓഫിസര്‍ ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്കും കടല്‍ഭിത്തിക്കിടയില്‍ വീണ് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല.
പ്രതിയില്‍ നിന്ന് 110 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തിരുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചു.