തൊടുപുഴ- അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദനത്തിനിരയായ ഏഴു വയസ്സുകാരന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. കോലഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി കഴിയുന്നത്. തലയോട്ടി പിളര്‍ന്ന് തലച്ചോറിന് മാരക പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരിക രക്തസ്രാവമുണ്ട്. കണ്ണുകള്‍ പുറത്തേക്ക് തള്ളിയിട്ടുണ്ടെന്നും കാഴ്ച ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തെ വാടക വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാലന്‍ ക്രൂര പീഡനത്തിനിരയായത്.
ഭര്‍ത്താവ് മരിച്ചതിനു ശേഷം യുവതിയുടെ കൂടെ താമസിച്ചു വരുന്ന ഭര്‍ത്താവിന്റെ ബന്ധുവായ 35കാരന്‍ അരുണ്‍ ആനന്ദ് എന്ന യുവാവാണ് ബാലനെ മാരകമായി മര്‍ദിച്ചത്. തല നിലത്തടിച്ചും വടി കൊണ്ട് അടിച്ചുമാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ ബാലന്റെ ഇളയ സഹോദരന്‍ നാലു വയസ്സുകാരന്‍ ശിശു ക്ഷേമ സമിതിയോട് വെളിപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞാണ് അമ്മയും യുവാവും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മാരക പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി നേരത്തെ ഭക്ഷണം കഴിക്കാതെയാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. അമ്മയും അരുണും പുറത്തു പോയി ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോള്‍ കുട്ടികള്‍ ഉറങ്ങിയിരുന്നു. ഇവരെ വിളിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ ഇളയ കുട്ടി ബെഡില്‍ മൂത്രമൊഴിച്ചതായി കണ്ടു. മൂത്രമൊഴിപ്പിച്ച് കിടത്താന്‍ മൂത്ത കുട്ടിയെ ഏല്‍പ്പിച്ചതായിരുന്നു. തുടര്‍ന്നാണ് അരുണ്‍ മൂത്ത കുട്ടിയെ മര്‍ദിച്ചത്. ആദ്യം ചവിട്ടുകയും പിന്നീട് രണ്ടു തവണ നിലത്തടിക്കുകയും ചെയതു. നേരത്തെ കൊലാതക കേസില്‍ വെറുതെ വിട്ടയാളാണ് അരുണെന്നും പോലീസ പറഞ്ഞു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവുകളും ഇളയകുട്ടിയുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തു. ആരോഗ്യ വകുപ്പും സമൂഹ്യനീതി വകുപ്പും ശിശു വികസന വകുപ്പും സംയുക്തമായാണ് ഇതു വഹിക്കുക. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കുട്ടിക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.