തിരുവനന്തപുരം- സി.പി.എം പുറത്തിറക്കിയ പ്രകടന പത്രികയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എമ്മിന്റെ പ്രകടന പത്രിക എന്ന് പറയുമ്പോൾ മുഖം കോട്ടുകയല്ല വേണ്ടതെന്നും അതിലും മികച്ച എന്തെങ്കിലും മുന്നോട്ടുവെക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
സി.പി.എം പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള കരുത്ത് രാജ്യത്തെ ജനങ്ങൾ നൽകുകയാണെങ്കിൽ തീർച്ചയായും ഇന്ത്യയുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താൻ സാധിക്കും. രാജ്യത്തെ കൊള്ളയടിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും കോർപ്പറേറ്റുകൾക്കും കടിഞ്ഞാണിടാനും കഴിയും. ബി ജെ പിക്കോ, കോൺഗ്രസിനോ അത്തരം നിലപാടുകൾ മുന്നോട്ടുവെക്കാൻ സാധിക്കില്ല.
കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ വിഭവസമാഹരണത്തിന് അതിസമ്പന്നർക്കും കോർപറേറ്റ് ലാഭത്തിനും മേൽ നികുതി ചുമത്തുമെന്ന് പറയാൻ സിപിഐ എംന് മാത്രമേ സാധിക്കുകയുള്ളു. എന്തുകൊണ്ട് കോൺഗ്രസും ബി ജെ പിയും അത്തരമൊരു വാഗ്ദാനം മുന്നോട്ടുവെക്കുന്നില്ല? വിഭവങ്ങളുടെ കാര്യത്തിൽ രാജ്യത്തു ക്ഷാമമില്ല. ശിങ്കിടി മുതലാളിത്തവും റഫേൽപോലുള്ള അഴിമതികളും വഴി പൊതുപണം ചോരുന്നത് തടഞ്ഞാൽ തന്നെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസവും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയും തൊഴിലും ഉപജീവനമാർഗവും നൽകാനുള്ള വിഭവസമ്പത്ത് ലഭ്യമാകും. എന്നാൽ ഇതിനായി സർക്കാർ നയങ്ങളിൽ സമൂല മാറ്റം അനിവാര്യമാണ്. കോൺഗ്രസിനും ബി ജെ പിക്കും അത്തരം മാറ്റങ്ങൾക്ക് സാധിക്കുമോ? എങ്കിൽ എവിടെ നിങ്ങളുടെ പ്രകടന പത്രികയിൽ ആ ഇനങ്ങൾ?
രാജ്യത്ത് ബദൽ സാമ്പത്തികനയങ്ങൾ നടപ്പാക്കുമെന്നാണ് സിപിഐ എം പ്രകടനപത്രികയിലൂടെ ഉറപ്പുനൽകുന്നത്. മോഡി വേണ്ടെന്ന് വെച്ച ആസൂത്രണ കമീഷൻ പുനഃസ്ഥാപിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജനങ്ങളിൽ കൂടുതൽ പണം എത്തിക്കാനും ഉതകുന്ന സാമ്പത്തിക വളർച്ച രാജ്യത്ത് ഉറപ്പാക്കും. ആഡംബര ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കും. കാർഷികോൽപ്പാദനം, ഗവേഷണം, ജലസേചനം എന്നീ മേഖലകളിൽ കൂടുതൽ പണം ചെലവിടും. കാർഷികആവശ്യത്തിനുള്ള വിത്ത്, വളം, വൈദ്യുതി, ഡീസൽ എന്നിവയ്ക്ക് സബ്‌സിഡി നൽകും. വൈദ്യുതി, പൊതുഗതാഗതം, തുറമുഖം, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നീ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുനിക്ഷേപം വർധിപ്പിക്കും. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകും. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് അനുയോജ്യമായ രീതിയിൽ ജി എസ് ടി പൊളിച്ചെഴുതും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപന തടയും. ധനകാര്യമേഖലയിലെ എല്ലാ നിയന്ത്രണസംവിധാനങ്ങളും പാർലമെന്റിന്റെ മേൽനോട്ടത്തിലാക്കും. ധനകാര്യമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള ശുപാർശ പിൻവലിക്കും. ഇൻഷ്വറൻസ് മേഖലയിൽ എഫ് ഡി ഐ പരിധി 26 ശതമാനത്തിൽനിന്ന് ഉയർത്തില്ല. അങ്ങനെ പറയാനേറെയുണ്ട്.
ഇത് നോക്കൂ..,
രാജ്യത്തെ തൊഴിലാളികൾക്ക് 18000 രൂപയിൽ കുറയാതെ നിയമാനുസൃത മിനിമംകൂലി ഉറപ്പാക്കേണ്ടേ.. സിപിഐ എം പ്രകടനപത്രികയിൽ അതുറപ്പാക്കുന്നുണ്ട്. എന്തുകൊണ്ട് ബി ജെ പിയും കോൺഗ്രസും അത്തരത്തിലുള്ള സാധാരണക്കാർക്ക് ആശ്വാസമാകുന്ന പദ്ധതികളെ കുറിച്ച് മിണ്ടുന്നില്ല? അവർ പറയുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുവാനുള്ള സാമ്പത്തിക സ്രോതസ് ഏതാണെന്ന് വിശദീകരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ?
തൊഴിൽനിയമങ്ങളിൽ കൊണ്ടുവന്നിട്ടുള്ള തൊഴിലാളിവിരുദ്ധവും തൊഴിലുടമാ അനുകൂലവുമായ എല്ലാ ഭേദഗതികളും റദ്ദുചെയ്യുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. അന്തർസംസ്ഥാന കുടിയേറ്റത്തൊഴിലാളികൾക്കായുള്ള നിയമമടക്കം എല്ലാ തൊഴിൽനിയമങ്ങളും കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതോടൊപ്പം തൊഴിൽ വകുപ്പുകളെയും തൊഴിൽ/ ഫാക്ടറി പരിശോധനാ സംവിധാനങ്ങളടക്കമുള്ള നിയമപാലന ഏജൻസികളെയും ശക്തിപ്പെടുത്തും. അസംഘടിത തൊഴിലാളികൾക്കായുള്ള നിയമം മെച്ചപ്പെടുത്തും. ഇക്കാര്യത്തിൽ തൊഴിൽ സ്റ്റാൻഡിങ് കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശകൾ നടപ്പാക്കും; കുടിയേറ്റത്തൊഴിലാളികൾക്കും തോട്ടംതൊഴിലാളികൾക്കും പ്രത്യേക സാമൂഹ്യസുരക്ഷാ നടപടികൾ, തൊഴിലാളികൾക്ക് ഏകജാലക ലഭ്യത ഉറപ്പാക്കും. വ്യാവസായിക–തൊഴിൽ വിഭജനം അവസാനിപ്പിക്കുംവിധം നിയമത്തിൽ മാറ്റംവരുത്തും. ബജറ്റിൽ ആവശ്യമായ വിഹിതം ഉറപ്പാക്കി അസംഘടിത തൊഴിലാളികൾക്കായി ദേശീയനിധി; ദാരിദ്ര്യരേഖാ മാനദണ്ഡങ്ങളും മറ്റും ഒഴിവാക്കി എല്ലാ അസംഘടിത തൊഴിലാളികൾക്കും പെൻഷനും ഇൻഷുറൻസും അടക്കമുള്ള സാർവത്രിക സാമൂഹ്യസുരക്ഷ; കർഷകത്തൊഴിലാളികളെ അടക്കം ഉൾപ്പെടുത്തി സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന സമഗ്രനിയമം എന്നിവ നടപ്പാക്കും.
രാജ്യത്തെ കർഷത്തൊഴിലാളികളുടെ കുറഞ്ഞ കൂലി പ്രതിദിനം 600 രൂപയായി വർധിപ്പിക്കും; സ്ത്രീകൾക്കും തുലൃവേതനം ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിലെ 100 തൊഴിൽദിനമെന്ന പരിധി എടുത്തുകളയും; അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞകൂലിക്ക് തുല്യമായെങ്കിലും തൊഴിലുറപ്പ് പദ്ധതി കൂലി ഉറപ്പുവരുത്തും; തൊഴിലില്ലാത്ത ദിവസങ്ങളിൽ തൊഴിലില്ലായ്മാ വേതനം ഉറപ്പാക്കും. മിനിമം കൂലി ഉറപ്പാക്കൽ, കൂട്ടായ വിലപേശൽ അവകാശം, പെൻഷൻ–അപകട നഷ്ടപരിഹാരം തുടങ്ങി കേന്ദ്രഫണ്ടിങ്ങോടെയുള്ള സാമൂഹിക സുരക്ഷാ നടപടികൾ എന്നിവ ഉറപ്പാക്കി കർഷക തൊഴിലാളികൾക്കായി വേറിട്ടതും സമഗ്രവുമായ നിയമം കൊണ്ടുവരും.
കർഷക തൊഴിലാളികൾക്ക് സൗജന്യമായി ഭൂമി നൽകി എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും പുരയിടം ഉറപ്പാക്കും.
എല്ലാ തൊഴിൽമേഖലകളിലും സ്ത്രീകൾക്ക് തുല്യവേതനം ഉറപ്പുവരുത്തും. പ്രസവാനുകൂല്യം, പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സാമൂഹ്യസുരക്ഷാ നടപടികൾ അസംഘടിത മേഖലയിലെയും ഗാർഹികമേഖലയിലെയും സ്ത്രീത്തൊഴിലാളികൾക്ക് അടക്കം ലഭ്യമാക്കും. സ്ത്രീകൾക്കെതിരായ ലൈംഗികപീഡനം തടയുന്നതിനുള്ള വ്യവസ്ഥകൾ കർശനമായി നടപ്പാക്കും. 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി, സ്ത്രീജീവനക്കാർക്ക് പ്രസവാനുകൂല്യവും ക്രെഷെ സൗകര്യവും നൽകും. അങ്കണവാടി, ആശ, ഉച്ചഭക്ഷണപദ്ധതി, ദേശീയ ആരോഗ്യപദ്ധതി തുടങ്ങി വിവിധ കേന്ദ്ര–സംസ്ഥാന സർക്കാർ പദ്ധതികളിൽ തൊഴിലെടുക്കുന്നവരെ ജീവനക്കാരായി അംഗീകരിക്കും.
ഇങ്ങനെയൊക്കെ അല്ലാതെ കോർപ്പറേറ്റ് സേവയിലൂടെയും സാമ്രാജ്യത്വ ഭൃത്യമനോഭാവത്തിലൂടെയും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുമോ ? കോൺഗ്രസും ബി ജെ പിയും ഉത്തരം പറയണം.
നമ്മുടെ രാജ്യത്തെ ഗ്രസിക്കുന്ന അഴിമതിയെ വളർത്തുന്ന നിലപാടാണ് കോൺഗ്രസിനും ബി ജെ പിയ്ക്കും ഉള്ളത്. എന്നാൽ, ഞങ്ങൾ അഴിമതി വിരുദ്ധ നിലപാടാണ് മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ അഴിമതി ഇല്ലാതാക്കുമെന്നുള്ള ഉറപ്പാണ് മുന്നോട്ടുവെക്കുന്നത്. സർക്കാരും സ്വകാര്യമേഖലയും തമ്മിലേർപ്പെടുന്ന എല്ലാ കരാറുകളും ധാരണപത്രങ്ങളും പരിശോധിക്കാൻ സാധിക്കുന്ന രീതിയിൽ ലോക്പാൽ നിയമവും അഴിമതി നിരോധനനിയമവും ഭേദഗതി ചെയ്യും. കോർപറേറ്റ് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്വേഷണഏജൻസികൾക്കും നിയന്ത്രണസംവിധാനങ്ങൾക്കും പൂർണ അധികാരം നൽകും. വിവരാവകാശനിയമം ഉപയോഗിച്ച് അഴിമതിക്ക് എതിരെ പോരാടുന്ന സാമൂഹ്യപ്രവർത്തകരുടെയും അഴിമതിവിരുദ്ധ പോരാളികളുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കും ഔദ്യോഗിക രഹസ്യനിയമത്തിന്റെ ദുരുപയോഗം തടയും. ഇത്തരമൊരു നിലപാട് മുന്നോട്ടുവെക്കാൻ എന്തുകൊണ്ട് കോൺഗ്രസും ബി ജെ പിയും തയ്യാറാവുന്നില്ല?
രാഹുൽ വയനാട്ടിൽ വരുമോ, ഇല്ലയോ എന്നതല്ല; രാജ്യത്തെ രക്ഷിക്കാനുള്ള ഉള്ളടക്കമുള്ള തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ ആരുടേതാണെന്ന് ചർച്ച ചെയ്യാനാണ് മാധ്യമങ്ങൾ തയ്യാറാവേണ്ടത്. ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിന് സമാനതകളില്ലാത്ത മാതൃകയായി കേരളത്തിലെ പിണറായി വിജയൻ സർക്കാർ പ്രോഗ്രസ് കാർഡുമായി ജനങ്ങൾക്കിടയിലുള്ളപ്പോൾ ചർച്ചയ്ക്കുള്ള സാധ്യതകൾ മുന്നിലുണ്ട്. ജനങ്ങൾ എല്ലാം കണ്ട് മനസിലാക്കി വിലയിരുത്തുന്നുണ്ട് എന്നത് ആരും മറന്നുപോകരുത്.