പറവൂര്‍- വോട്ട് പിടിക്കാനുള്ള പ്രചാരണ പരിപാടിക്കിടെ എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം കോടതി മുറിയില്‍ കയറിയതു വിവാദമായി. കോടതിയില്‍ കയറി വോട്ട് അഭ്യര്‍ഥിച്ചെന്നും ഇതു ചട്ടലംഘനമാണെന്നുമാണ് ആരോപണം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബാര്‍ അസോസിയേഷന്‍ ഹാളിനു സമീപത്ത് എത്തിയ സ്ഥാനാര്‍ഥി പ്രവര്‍ത്തകര്‍ക്കൊപ്പം തൊട്ടടുത്തുള്ള അഡീഷനല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. കോടതി ചേരാന്‍ അല്‍പസമയം ബാക്കിയുള്ളപ്പോഴാണു സംഭവം. ജഡ്ജി എത്തുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്കു മുമ്പ് ഇറങ്ങുകയും ചെയ്തു. അഭിഭാഷകരും കേസിനായി എത്തിയ കക്ഷികളും കോടതി മുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥിയുടെ പ്രവൃത്തിയില്‍ ചില അഭിഭാഷകര്‍ അപ്പോള്‍ തന്നെ പ്രതിഷേധിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു കമ്മിഷനു പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് അഭിഭാഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. കോടതിമുറിയില്‍ കയറിയെങ്കിലും വോട്ട് അഭ്യര്‍ഥിച്ചിട്ടില്ലെന്നാണ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുന്നത്.