Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കലാകാരന്മാര്‍ക്ക് താമസ വിസ അനുവദിക്കും

സാംസ്‌കാരിക മന്ത്രാലയത്തിന്റെ വിഷൻ വകുപ്പ് മന്ത്രി ബദ്ർ ബിൻ  അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പ്രഖ്യാപിക്കുന്നു. 

റിയാദ് - സൗദിയിൽ സാംസ്‌കാരിക മേഖലയുടെ സമഗ്ര പുരോഗതിയും വികാസവും ലക്ഷ്യമിടുന്ന സാംസ്‌കാരിക മന്ത്രാലയത്തിന്റെ വിഷൻ വകുപ്പ് മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ പ്രഖ്യാപിച്ചു. കിംഗ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിൽ സംഘടിപ്പിച്ച വർണശബളമായ ചടങ്ങിലാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ വിഷൻ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. സാംസ്‌കാരിക, കലാ, പൈതൃക മേഖലകളിൽ നിന്നുള്ളവരും മുതിർന്ന ഉദ്യോഗസ്ഥരും സൗദി സാംസ്‌കാരിക നായകരും പ്രമുഖ കലാകാരന്മാരും ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. 


സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ സാംസ്‌കാരിക മന്ത്രാലയത്തിന് വലിയ പങ്കുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടെ ജീവിത ശൈലി സമ്പന്നമാക്കുന്നതിനും സാംസ്‌കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കും വിധം സൗദിയിൽ സാംസ്‌കാരിക, കലാ മേഖലകളുടെ വളർച്ചക്ക് സാംസ്‌കാരിക മന്ത്രാലയം നേതൃത്വം നൽകും. സൗദിയിൽ കലാ, സാംസ്‌കാരിക മേഖലയിലെ പരിവർത്തനം സമൂഹത്തിലെ നാനാതുറകളിലും പെട്ടവർക്ക് പ്രയോജനം ചെയ്യും. സൗദി പ്രതിഭകൾക്ക് പിന്തുണ നൽകുന്നതിന് പ്രത്യേക മുൻഗണനയുണ്ടാകും. രാജ്യത്ത് പുരോഗമന സാംസ്‌കാരിക മേഖല സൃഷ്ടിക്കുന്നതിനും സർഗശക്തിയുള്ളവർക്കും പ്രതിഭകൾക്കും പ്രോത്സാഹനജനകമായ സാഹചര്യം ഒരുക്കുന്നതിനും സമൂഹത്തിലെ എല്ലാവരുമായും സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയം പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 


സാംസ്‌കാരിക മന്ത്രാലയ വിഷന്റെ ഭാഗമായി ലോക പ്രശസ്ത കലാകാരന്മാർക്ക് സൗദിയിലെ താമസത്തിന് ഇഖാമ അനുവദിക്കും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ വിഷൻ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള ദിശയിൽ, ജീവിത ശൈലിയെന്നോണം സംസ്‌കാരത്തെ പ്രതിഷ്ഠിക്കൽ, സംസ്‌കാരം സാമ്പത്തിക വളർച്ചക്ക്, സംസ്‌കാരം ആഗോള തലത്തിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് എന്നീ മൂന്നു പ്രധാന ലക്ഷ്യങ്ങളിൽ ഊന്നിയുള്ള 27 പദ്ധതികൾ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. 


കിംഗ് സൽമാൻ ഇന്റർനാഷണൽ അറബിക് ലാംഗ്വേജ് സെന്റർ സ്ഥാപനം, സാംസ്‌കാരിക മേഖലയുടെ വളർച്ചക്കും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും ഫണ്ട് സ്ഥാപിക്കൽ, സാംസ്‌കാരിക മേഖലാ കോഴ്‌സുകൾ പഠിക്കുന്നതിന് വിദേശങ്ങളിലേക്ക് വിദ്യാർഥികളെ അയക്കുന്നതിനുള്ള സ്‌കോളർഷിപ്പ് പദ്ധതി, പബ്ലിക് ലൈബ്രറി നവീകരണം, റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവ അടക്കമുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. സാംസ്‌കാരിക മന്ത്രാലയം സേവനങ്ങൾ നൽകുന്ന ഭാഷ, പൈതൃകം, പുസ്തകം-പ്രസിദ്ധീകരണം, സംഗീതം, സിനിമ, കവിത, കലാപരിപാടികൾ, വിഷ്വൽ ആർട്‌സ്, ലൈബ്രറികൾ, മ്യൂസിയങ്ങൾ, പ്രകൃതി പൈതൃകം, സാംസ്‌കാരിക-പുരാവസ്തു കേന്ദ്രങ്ങൾ, ഭക്ഷണം-പാചക കല, വസ്ത്രം, ഫെസ്റ്റിവലുകൾ-പരിപാടികൾ, വാസ്തുവിദ്യയും ഇന്റീരിയർ ഡിസൈനും എന്നീ പതിനാറു മേഖലകളിലാണ് 27 പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലകൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനും പുതുതായി 11 വകുപ്പുകളും ഏജൻസികളും മന്ത്രാലയം സ്ഥാപിക്കുകയും ചെയ്യും.  


 

Latest News