റിയാദ് - ഇൻഷുറൻസ് കമ്പനികൾക്കെതിരെ ഉപയോക്താക്കളിൽ നിന്ന് 30,000 ഓളം പരാതികൾ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിക്ക് (സാമ) കഴിഞ്ഞ വർഷാവസാനം വരെ ലഭിച്ചതായി സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി വെളിപ്പെടുത്തി. അഞ്ചാമത് സൗദി ഇൻഷുറൻസ് സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിഭാഗം പരാതികൾക്കും സാമ പരിഹാരം കണ്ടു.
കമ്പനികളുടെ പ്രവർത്തനത്തെ കുറിച്ച ഉപയോക്താക്കളുടെ വിശ്വാസക്കുറവാണ് ഇൻഷുറൻസ് മേഖലാ കമ്പനികൾ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഇൻഷുറൻസിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണങ്ങൾ നടത്തുന്നതിനും ഇൻഷുറൻസ് സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് ഇത് ബാങ്കുകളെ പ്രേരിപ്പിക്കുന്നു. സൗദിയിൽ ഇൻഷുറൻസ് പോളിസികളിൽ 85 ശതമാനവും ആരോഗ്യ ഇൻഷുറൻസും വാഹന ഇൻഷുറൻസുമാണ്. പുതിയ ഉൽപന്നങ്ങൾ ലഭ്യമാക്കേണ്ടതിന്റെയും ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കേണ്ടതിന്റെയും ഇൻഷുറൻസ് ഉൽപന്നങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തേണ്ടതിന്റെയും ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.
പുതിയ ഇൻഷുറൻസ് കമ്പനികൾക്ക് ലൈസൻസുകൾ നൽകുന്നതിന് സാമക്ക് തുറന്ന മനസ്സാണുള്ളത്. ഇൻഷുറൻസ് ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിന് സാമ പ്രവർത്തിക്കുന്നു. സ്വത്തുവകകൾക്കുള്ള ഇൻഷുറൻസ് പോളിസി പുറത്തിറക്കുന്നതിനും ശ്രമമുണ്ട്. നിലവിൽ സൗദി വിപണിയിൽ സ്വത്തുവകകൾക്കുള്ള ഇൻഷുറൻസ് ഇല്ല. സൗദിയിൽ ഇൻഷുറൻസ് മേഖലയുടെ ശേഷി 3600 കോടി റിയാലായി ഉയർന്നിട്ടുണ്ട്. ഇൻഷുറൻസ് മേഖലയുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിരീക്ഷണ നിയമങ്ങൾ നടപ്പാക്കുമ്പോൾ സൗദിയിൽ ഇൻഷുറൻസ് മേഖലയുടെ ശേഷി 500 കോടി റിയാൽ മാത്രമായിരുന്നു. ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് 11,000 ലേറെയായി ഉയർന്നിട്ടുണ്ട്.
ഇൻഷുറൻസ് മേഖലയിൽ ഉയർന്ന സൗദിവൽക്കരണമാണ് നിലവിലുള്ളത്. വിഷൻ 2030 പദ്ധതി പ്രതീക്ഷകളുടെ നിലവാരത്തിലേക്ക് ഇൻഷുറൻസ് മേഖല ഉയരുകയും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഇൻഷുറൻസ് മേഖലയുടെ സംഭാവന വർധിക്കുകയും വേണം. നിലവിൽ ജി.ഡി.പിയിൽ ഇൻഷുറൻസ് മേഖലയുടെ സംഭാവന ഒന്നര ശതമാനം മാത്രമാണ്.
ഉയർന്ന ഗുണമേന്മയിലുള്ള സേവനങ്ങൾ നൽകിയും പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടും ഇൻഷുറൻസ് മേഖലാ ഉപയോക്താക്കളുടെ സംതൃപ്തി നേടുന്നതിനാണ് സാമ ആഗ്രഹിക്കുന്നത്. ഇൻഷുറൻസ് കമ്പനി ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും സാമക്കു കീഴിൽ 150 ലേറെ ഉദ്യോഗസ്ഥരുണ്ട്.
വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട് അര ലക്ഷം റിയാലിൽ കുറവ് നഷ്ടപരിഹാരം നൽകേണ്ടിവരുന്ന പരാതികൾക്ക് രമ്യമായി പരിഹാരം കാണുന്നതിന് സാമ വൈകാതെ പ്രത്യേക സെന്റർ തുറക്കും. അനുരഞ്ജന സെന്റർ വഴി ഇത്തരം പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് ഭൂരിഭാഗം ഇൻഷുറൻസ് കമ്പനികളും സമ്മതം മൂളിയിട്ടുണ്ട്.
ഇൻഷുറൻസ് മേഖലയിലെ തട്ടിപ്പുകൾ സൗദി അറേബ്യ അടക്കം ലോകത്തെ എല്ലാ രാജ്യങ്ങളിലുമുണ്ട്. ആരോഗ്യ, വാഹന ഇൻഷുറൻസ് മേഖലയിലാണ് തട്ടിപ്പുകൾ കൂടുതൽ. തട്ടിപ്പുകൾ ചെറുക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് സാമ പ്രവർത്തിക്കുന്നു. ഇൻഷുറൻസ് മേഖലയിലെ തട്ടിപ്പുകൾ ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതിനും സാമ ആഗ്രഹിക്കുന്നുണ്ട്.
സൗദിയിൽ പ്രവർത്തിക്കുന്നതിന് ബ്രിട്ടീഷ് ബാങ്കിന് അടുത്തിടെ സാമ ലൈസൻസ് നൽകിയിട്ടുണ്ട്. മറ്റൊരു വിദേശ ബാങ്ക് ലൈസൻസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന സൗദി ബാങ്കുകൾക്ക് ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള രണ്ടു അപേക്ഷകളും സാമക്ക് ലഭിച്ചിട്ടുണ്ട്. നാലു ഇൻഷുറൻസ് കമ്പനികൾ പരസ്പരം ലയിക്കുന്നതിന് സാമക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു.