വടകര: ജയിക്കുമെന്നു സി.പി.എം പറയുന്നതല്ലാതെ യാതൊരു ഉറപ്പും നേതാക്കള്‍ക്ക് പോലുമില്ല. വടകരയില്‍ ജയിച്ചില്ലെങ്കില്‍ കേരളത്തില്‍ മറ്റു മുഴുവന്‍ സീറ്റു നേടിയാല്‍ പോലും കാര്യമില്ലെന്നാണ് സി.പി. എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ കരുത്തരായ നേതാക്കളിലൊരാളായ പി.ജയരാജനെ നിര്‍ത്തിയതു തന്നെ വടകര പിടിച്ചെടുക്കാനാണ്. ആര്‍. എം.പിക്ക് സ്വാധീനമുള്ള ഒഞ്ചിയടക്കമുള്ള മേഖലയില്‍ ശക്തമായ തിരിച്ചുവരവും സി.പി. എം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് അപ്രതീക്ഷിതമായി കെ.മുരളീധരനെ ഇറക്കിയതാണ് എല്‍ഡിഎഫിന്റെ പണിപാളിയത്. ഏകപക്ഷീയ വിജയമെന്ന സ്വപ്നം അസ്ഥാനത്താക്കിയാണ് മുരളിയുടെ വരവ്. അതുകൊണ്ടു തന്നെ വടകര തിരിച്ചുപിടിക്കണമെങ്കില്‍ ഈ മീനച്ചൂടില്‍ കാര്യമായി വിയര്‍ക്കേണ്ടി വരും. രാജ്യത്തെ ഏറ്റവും ശക്തമായ ജില്ലാകമ്മിറ്റികളിലെന്നായ കണ്ണൂര്‍സി.പി. എം അതിന്റെ സര്‍വശക്തിയുമെടുത്താണ് വടകരയിലിറങ്ങിയിരിക്കുന്നത്. ജില്ലാ നേതാക്കളില്‍ ഭൂരിഭാഗവും വടകരയില്‍ ജയരാജനൊപ്പമാണുള്ളത്. കണ്ണൂരില്‍ പി.കെ ശ്രീമതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന ആക്ഷേപവുമുണ്ട്.