കൊച്ചി- കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ വിവാദത്തിലെ നായിക സരിത എസ് നായര്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും. ഇതിനായി ജില്ലാ കലക്ടറേറ്റില്‍ നിന്ന് അവര്‍ നാമനിര്‍ദേശ പത്രിക വാങ്ങി. ഏപ്രില്‍ ആദ്യം പത്രിക സമര്‍പ്പിക്കുമെന്ന് സരിത അറിയിച്ചു. ഏപ്രില്‍ ഒന്നിന് എറണാകുളം മണ്ഡലത്തിലെത്തി പ്രചാരണം തുടങ്ങും.
കോണ്‍ഗ്രസിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെയാണ് താന്‍ മത്സരിക്കുന്നതെന്ന് സരിത പറഞ്ഞു. സ്ത്രീകള്‍ ഏറ്റവുമധികം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിലാണ്. സ്ത്രീപീഡന കേസില്‍ പ്രതിയായിട്ടുള്ളവരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുകയാണ്. എറണാകുളത്തെ സ്ഥാനാര്‍ഥി പീഡന കേസില്‍ പ്രതിയാണ്. ഇദ്ദേഹം ജാമ്യം പോലും എടുത്തിട്ടില്ല. എന്നിട്ടും ഇയാള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നു. ഇതിനെയെല്ലാം തുറന്നു കാട്ടുകയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ലക്ഷ്യം. എറണാകുളത്ത് മാത്രമാണ് മത്സരിക്കുകയെന്നും മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആലോചിച്ചിട്ടില്ലെന്നും സരിത വ്യക്തമാക്കി.