പാലക്കാട് - ദീപ നിശാന്തുമായി ബന്ധപ്പെട്ട വിവാദം സി.പി.എമ്മിന് വീണ്ടും തലവേദനയാവുകയാണ്. ഇടതുപക്ഷ സഹയാത്രിക എന്ന പേരിൽ അറിയപ്പെടുന്ന ഈ കോളേജ് അധ്യാപികയുടെ സൈബർ ലോകത്തെ പോരാട്ടം പ്രത്യക്ഷത്തിൽ ആലത്തൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിക്കു വേണ്ടിയാണ്. തുടർച്ചയായി രണ്ടു തവണ ആലത്തൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ സി.പി.എം നേതാവ് പി.കെ.ബിജു മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ മണ്ഡലത്തിലെ വോട്ടർ എന്ന നിലക്കാണ് ദീപ നിശാന്ത് അദ്ദേഹത്തെ അനുകൂലിച്ച് സൈബർ പ്രചാരണം നടത്തുന്നത്. ബിജുവിന്റെ പ്രധാന എതിർസ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ചുകൊണ്ട് ദീപ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് നവമാധ്യമങ്ങളിൽ ഉണ്ടാക്കിയ ചലനം ചെറുതല്ല. ദീപയെ ചെറുക്കാൻ കോൺഗ്രസിന്റെ സൈബർ സേന ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതും ഫലത്തിൽ രമ്യക്ക് അനുകൂലമായ ചർച്ചയായി അത് മാറുന്നതും ഞെട്ടലോടെയാണ് സി.പി.എം നേതൃത്വവും ആലത്തൂരിലെ സ്ഥാനാർത്ഥി പി.കെ.ബിജുവും നോക്കിക്കാണുന്നത്. പ്രശ്‌നത്തിൽ ദീപ നിശാന്തിനെ പിന്തുണച്ചുകൊണ്ട് ചർച്ചകളിൽ പങ്കെടുക്കരുതെന്ന കർശന നിർദേശമാണ് സൈബർ സഖാക്കൾക്ക് മുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
പാട്ടു പാടി വോട്ട് തേടുന്ന രമ്യ ഹരിദാസിന്റെ പ്രചാരണ ശൈലിയെ പരിഹസിച്ചുകൊണ്ട് അമ്പലക്കമ്മിറ്റിയിലേക്കോ ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിലേക്കോ അല്ല തെരഞ്ഞെടുപ്പ് എന്ന് ഓർമപ്പെടുത്തിക്കൊണ്ട് ദീപ നിശാന്ത് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങളുടെ കേന്ദ്രം. വീണു കിട്ടിയ അവസരം കോൺഗ്രസിന്റെ സൈബർ സേന ആഘോഷമാക്കി. എം.എൽ.എമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ, യു.ശബരീനാഥ്, വി.ടി.ബൽറാം എന്നിവരെല്ലാം വിവാദത്തിൽ കക്ഷി ചേർന്ന് രംഗം കൊഴുപ്പിച്ചു. കവിതാ മോഷണ വിവാദം ഉയർന്നു വരുന്നതു വരെ ദീപ നിശാന്തിനെ എന്ത് വിഷയത്തിനും പിന്തുണച്ച് പ്രതിരോധിച്ചിരുന്ന സി.പി.എമ്മിന്റെ സൈബർ സേന ഇപ്പോൾ അവരുടെ കാര്യത്തിൽ അത്ര താൽപര്യം കാണിക്കുന്നില്ല.
വീണു കിട്ടിയ അവസരം എന്ന നിലയിലാണ് രമ്യ ഹരിദാസ് ദീപ നിശാന്തിന്റെ പോസ്റ്റിനെ കാണുന്നത്. ദാരിദ്ര്യം കവർന്നെടുത്ത തന്റെ ബാല്യത്തെക്കുറിച്ച് സൂചിപ്പിക്കുന്ന രമ്യയുടെ പോസ്റ്റ് ഇതിനകം ഹിറ്റായി. ദീപ നിശാന്ത് പറഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് രമ്യ അക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. പൊതുപ്രവർത്തന പരിചയം ഇല്ലെന്ന വിമർശനത്തെ നേരിടുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചതിന്റെയും നടപ്പിലാക്കിയ കാര്യങ്ങളുടെയും കണക്കുകളാണ് നിരത്തുന്നത്. ഈ രീതിയിലേക്ക് സൈബർ ലോകത്തെ ചർച്ചയെ വഴിമാറ്റിയെടുക്കാൻ രമ്യക്ക് സഹായകമായത് ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണെന്ന് ചുരുക്കം.
സി.പി.എം നേതൃത്വത്തിന്റേയും പ്രവർത്തകരുടേയും കണ്ണിലെ കരടായ വി.ടി.ബൽറാം എം.എൽ.എയോടാണ് രമ്യ ഹരിദാസ് കൂടുതലും ഉപമിക്കപ്പെടുന്നത് എന്നത് ഇടതുമുന്നണിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെ പ്രസിദ്ധിയിലേക്ക് ഉയർന്നവരാണ് ഇരുവരും. സൈബർ ലോകത്ത് ബൽറാമിന്റെ പോസ്റ്റുകൾ സി.പി.എമ്മിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തലവേദന കുറച്ചൊന്നുമല്ല. അതേ മാതൃക തന്നെയാണ് രമ്യയും പിന്തുടരുന്നത്. സൈബർ ലോകത്തെ പിന്തുണയോടെ ആലത്തൂരിലേക്ക് മാസ് എൻട്രി നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അവഗണിച്ച് തമസ്‌കരിക്കുന്നതാണ് നല്ലത് എന്നാണ് സി.പി.എം നേതാക്കൾ വിലയിരുത്തുന്നത്. ആ രീതിയിലേക്ക് പ്ര വ ർത്തനം കൊണ്ടുപോകുന്നതിനിടയിലാണ് ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പിടിച്ചു തൂങ്ങി രമ്യ വീണ്ടും നവമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്.