Sorry, you need to enable JavaScript to visit this website.

കേരള മുസ്‌ലിം രാഷ്ട്രീയത്തിന് 'യു ടേൺ' 

മലപ്പുറം-മുസ്‌ലിം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കേരളത്തിലെ പാർട്ടികളുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാട് മാറ്റങ്ങൾ ചൂടേറിയ ചർച്ചയാകുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി, എൻ.ഡി.എഫിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളാണ് രാഷ്ട്രീയ രംഗത്ത് ചർച്ച ചെയ്യപ്പെടുന്നത്. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നതും എസ്.ഡി.പി.ഐ മുസ്‌ലിം ലീഗിനെതിരെ തിരിഞ്ഞതും സജീവ ചർച്ചയാണ്.
യു.ഡി.എഫിനെ ഉപാധികളില്ലാതെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി എടുത്ത തീരുമാനം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മൂല്യാധിഷ്ഠിത പിന്തുണയെന്ന രാഷ്ട്രീയ നയമാണ് തെരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി സ്വീകരിച്ചിരുന്നത്. മൂല്യമുള്ള സ്ഥാനാർഥികളെ മാത്രം നോക്കി പിന്തുണക്കുകയും മറ്റു മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ മൽസരിപ്പിക്കുകയും ചെയ്ത പാർട്ടിയാണ് വെൽഫെയർ. എന്നാൽ ഇത്തവണ സ്ഥാനാർഥികളുടെ ഗുണത്തെ പരിഗണിക്കാതെ യു.ഡി.എഫിനെ പിന്തുണക്കാനാണ് തീരുമാനം. വെൽഫയർ പാർട്ടി എക്കാലത്തും വിമർശിച്ചു പോരുന്ന മുസ്‌ലിം ലീഗിനും ഈ പിന്തുണ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിന്റെ നേതൃത്വത്തിനേ കഴിയൂ എന്ന വിശദീകരണവുമായാണ് കേരളത്തിൽ അവർ യു.ഡി.എഫിന് പിന്തുണ നൽകുന്നത്. വെൽഫെയറിന്റെ തീരുമാനത്തെ ഇടതുപക്ഷ പ്രവർത്തകർ കടുത്ത ഭാഷയിലാണ് വിമർശിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മന്ത്രി കെ.ടി.ജലീൽ അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു.
എസ്.ഡി.പി.ഐ ആകട്ടെ ചില പ്രത്യേക സാഹചര്യത്തിലാണ് മൽസര രംഗത്തെത്തിയിട്ടുള്ളത്. മുസ്‌ലിം ലീഗുമായി ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണയുണ്ടാക്കാൻ അവർ ആലോചിച്ചിരുന്നതായി സൂചനകളുണ്ട്. എന്നാൽ കൊണ്ടോട്ടിയിൽ നടന്ന ലീഗ്- എസ്.ഡി.പി.ഐ രഹസ്യ ചർച്ച പരസ്യമാകുകയും മുസ്‌ലിം ലീഗ് ആ ചർച്ചയെ തള്ളിപ്പറയുകയും ചെയ്തതോടെയാണ് ലീഗിനെതിരെ മൽസരിക്കാൻ എസ്.ഡി.പി.ഐ രംഗത്തിറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. ഇത്തവണ കൊണ്ടോട്ടി ചർച്ച പാളിയ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗുമായി കടുത്ത ശത്രുതയിലാണ് എസ്.ഡി.പി.ഐയുള്ളത്. സംസ്ഥാന പ്രസിഡന്റിനെ തന്നെ മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ മൽസരിപ്പിക്കുന്നത് ഇതിന്റെ സൂചനകളാണ്. ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) ഇടതുപക്ഷത്തിൽ പങ്കാളികളായതോടെ അവരുടെ നിലപാടുകൾ കൂടുതൽ അരക്കിട്ടുറപ്പിച്ചു കഴിഞ്ഞു. മുൻ കാലങ്ങളിലും അവർ ഇടതുപക്ഷത്തിന് പിന്തുണ നൽകി വരികയായിരുന്നു. പി.ഡി.പിയാകട്ടെ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ മൽസരിപ്പിക്കുകയാണ്.
ഇതിനിടെ, വോട്ട് ബാങ്കിൽ ശക്തമായ സ്വാധീനമുള്ള സുന്നി വിഭാഗങ്ങളുടെ പിന്തുണ നേടുന്നതിന് ഇരുമുന്നണികളും ശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഇ.കെ വിഭാഗത്തിൽ വിള്ളലുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ ഇടതുമുന്നണി നടത്തി വരുന്നുണ്ട്. സമസ്ത പ്രസിഡന്റുമായി മന്ത്രി കെ.ടി.ജലീൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിരുന്നു. എസ്.ഡി.പിഐയുമായി മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഇ.കെ വിഭാഗത്തിനുള്ളിൽ അതൃപ്തി വളർത്തിയിട്ടുണ്ട്. എന്നാൽ ഇ.കെ വിഭാഗത്തിൽ യു.ഡി.എഫ് വിരുദ്ധ വികാരം വളർത്താൻ ഇടതുമുന്നണിക്ക് ഇനിയുമായിട്ടില്ല. 
എ.പി വിഭാഗമാകട്ടെ, എക്കാലത്തെയും പോലെ ഇത്തവണയും പരസ്യമായ രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പോലെ ചില മണ്ഡലങ്ങളിലെങ്കിലും എ.പി വിഭാഗത്തിന്റെ പിന്തുണ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ ഇത്തവണയും ഇടതുമുന്നണിക്കുണ്ട്.

Latest News