'ഗരീബി ഹഠാവോ - ദാരിദ്ര്യം തുടച്ചുനീക്കൂ എന്നത് 1971 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ദിരാഗാന്ധി മുന്നോട്ട് വെച്ച മുദ്രാവാക്യമായിരുന്നു. ആ മുദ്രാവാക്യം പിന്നീട് മകൻ രാജീവ് ഗാന്ധിയും ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ രാഹുൽ ഗാന്ധിയും ഉയർത്തുന്നു. പുതിയ രീതിയിലും ഭാവത്തിലുമാണെന്ന് മാത്രം.
ജയ് ജവാൻ ജയ് കിസാൻ തുടങ്ങിയ വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും പിന്നീട് പലപ്പോഴും ഇന്ത്യ കേട്ടിരുന്നു.
ഗരീബി ഹഠാവോ മുദ്രാവാക്യം മുഴങ്ങിയ കാലത്തെ ഇന്ത്യയും കേരളവും എങ്ങനെയായിരുന്നുവെന്ന് അറിയുമ്പോൾ മാത്രമേ ആ മുദ്രാവാക്യത്തിന്റെ പ്രസക്തി മനസ്സിലാവുകയുള്ളൂ. വിശക്കുന്നവർക്കെന്താ പാലും മുട്ടയും കഴിച്ചാൽ പോരെ എന്ന് തമ്പ്രാൻ കുട്ടിയാകാൻ പറ്റുന്ന കാലമായിരുന്നില്ല അത്. ദാരിദ്ര്യം എന്നു പറഞ്ഞാൽ അതിന്റെ അടിക്കല്ലു കാണുന്ന നാളുകൾ. 1964 ൽ ശങ്കർ മന്ത്രിസഭ പുറത്ത് പോയയുടനുള്ള സമയത്തെ ഒരനുഭവം; പ്രസിഡന്റ് ഭരണമാണ്- അക്കാലത്തത് കേരളത്തിൽ പതിവുള്ള കാര്യം. വി.വി. ഗിരിയായിരുന്നു കേരളത്തിന്റെ ഗവർണർ. നല്ല മനുഷ്യപ്പറ്റുള്ള വ്യക്തി. ഭക്ഷ്യക്ഷാമം അതിരൂക്ഷം. കഴിക്കാൻ ഭക്ഷണമില്ലാതെ ജനങ്ങൾ പട്ടിണിയിലായ അവസ്ഥ. അരിയെവിടെ എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങുന്നു. എത്ര ശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല. അങ്ങനെയിരിക്കെ തെരഞ്ഞെടുത്ത ഹോട്ടലുകൾ വഴി ജനങ്ങൾക്ക് ന്യായ വിലക്ക് ഊണ് നൽകാനുള്ള നൂതന പദ്ധതി അദ്ദേഹം നടപ്പാക്കി. മറ്റ് ഹോട്ടലുകളിൽ ഒരു രൂപയുണ്ടായിരുന്ന ഊണ് 50 പൈസക്ക് വിൽക്കുന്ന തന്റെ പദ്ധതി വിജയമാണോ എന്നറിയാൻ അദ്ദേഹം രാജ്ഭവനിൽ നിന്ന് പരിവാരങ്ങളില്ലാതെ സെക്രട്ടറിയേറ്റിനടുത്ത അത്തരം ഹോട്ടലുകളിൽ എത്തുമായിരുന്നു. പദ്ധതി വിജയമാണ് എന്ന് അങ്ങിനെയാണദ്ദേഹം തിരിച്ചറിഞ്ഞത്. അത്തരമൊരു പദ്ധതിക്ക് ഇന്ന് വലിയ പ്രസക്തിയുമുണ്ടോ? ഇല്ല. അതുകൊണ്ടാണിപ്പോൾ കോൺഗ്രസ് അനേക ഗവേഷണ പഠനങ്ങൾ വഴി പുതിയ പദ്ധതി നടപ്പാക്കുമെന്നറിയിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും മാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിശദീകരിച്ചത്. മാസം തോറും 6000 മുതൽ 12,000 വരെ പ്രതിമാസം ലഭിക്കുന്ന പദ്ധതിയുടെ ഗുണം ഇരുപത് ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കുമെന്നും 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ബാക്കി വരുന്ന തുക സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു വർഷം 72,000 രൂപ വരെ ഈയിനത്തിൽ സർക്കാരിൽ നിന്ന് ലഭിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു വെച്ചിരിക്കയാണ്.
സാധാരണ കോൺഗ്രസിന്റെ ഇത്തരം പരിപാടികളെ കളിയാക്കാറുള്ള സി.പി.എമ്മും അവരുടെ പ്രകടന പത്രികയിൽ ഇതേ കാര്യം മറ്റൊരു തരത്തിൽ പറഞ്ഞിരിക്കുകയാണിപ്പോൾ. സി.പി.എം പ്രകടന പത്രികയിലെ വാഗ്ദാനം ഇങ്ങനെ: തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കും. എല്ലാ കുടുംബങ്ങൾക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി നൽകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തിറിക്കിയ മാനിഫെസ്‌റ്റോ വാക്കുനൽകുന്നു.
വാർധക്യകാല പെൻഷനായി ആറായിരം രൂപ, കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് രണ്ട് രൂപ നിരക്കിൽ ഏഴ് കിലോ അരി, തൊഴിൽ രഹിതർക്ക് പ്രതിമാസ സാമ്പത്തിക സഹായം, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം എന്നിവയും പ്രകടന പത്രികയിലുണ്ട്.
കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെത്തിക്കുമെന്ന നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പൂർവ പാഴ്‌വാക്കാണ് ഇപ്പറഞ്ഞ നീക്കങ്ങൾക്കെല്ലാം പ്രേരണയെങ്കിൽ അതും നല്ല കാര്യം തന്നെ. മോഡി ഒരു ഭാവനയുമില്ലാതെ പ്രസംഗവശാൽ പറഞ്ഞ കാര്യം നല്ല ഒന്നാന്തരം സാമ്പത്തിക ശാസ്ത്രജ്ഞരെവെച്ച് രൂപം നൽകാൻ കോൺഗ്രസിനായിരിക്കുന്നു. പിന്നാലെയിതാ സി.പി.എമ്മും. കാലത്തിന് ചേരും വിധം തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും , മാനിഫെസ്റ്റോയും മാറി മറിയുന്നുവെന്നത് മാത്രമല്ല, സവിശേഷത, ഒരേ രീതിയിലുള്ള പദ്ധതികൾ മുഖ്യ പാർട്ടികൾ പ്രഖ്യാപിക്കുന്നുവെന്നതുമാണ്. ഇനി ആവശ്യം അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇഛാശക്തിയാണ്. ജനം കാത്തിരിക്കുന്നു.